കാഫ്കനാട്: നിരപരാധികളുടെ രക്തം കൊണ്ട് എഴുതിയ പുസ്തകം

പി. എ. നാസിമുദ്ദീന്‍

 അനശ്വര എഴുത്തുകാരനായ ഫ്രാന്‍സ് കാഫ്കയുടെ ട്രയല്‍ എന്ന നോവലിലെ നായകനായ ''കെ' എന്ന കഥാപാത്രം യാതൊരു അപരാധങ്ങളും ചെയ്യാതെ ശിക്ഷിക്കപ്പെടുന്ന മനുഷ്യനാണ്. അയാള്‍ ചെയ്ത കുറ്റമെന്തെന്നോ, എന്തിന്റെ പേരില്‍ നീതിപീഠത്തിന്റെ മുന്നില്‍ ഹാജരാക്കിയെന്നോ അയാള്‍ക്കറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരും ന്യായാധിപന്മാരും കൂടിച്ചേര്‍ന്ന് അയാളെ പീഢനങ്ങള്‍ക്ക് ഇരയാക്കുന്നതാണ് നോവലിന്റേ പ്രമേയം.

ഒരു ജനാധിപത്യ റിപബ്ലിക് എന്ന് നാം അഭിമാനിക്കുന്ന ഇന്ത്യയും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് കൃത്യമായ തെളിവുകളുടെയും ശാസ്ത്രീയ വിവര ശേഖരണങ്ങളിലൂടെയും, വെളിവാക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയും ആക്റ്റിവിസ്റ്റും അകാഡമീഷ്യയുമായ മനീഷാ സേഥി 2014ല്‍ പുറത്തിറക്കിയ പുസ്തകമാണ് Kafkaland Pre Judiace terror, anti terror. ഇതിന്റെ മലയാള ഭാഷാന്തീകരണം ആര്‍.കെ. ബിജുരാജ് നിര്‍വഹിച്ച് പ്രതീക്ഷ ബുക്‌സ് പ്രസാധനം ചെയ്തിരിക്കുന്നു.

ഭരണഘടന, ജുഡീഷനറി, മനുഷ്യാവകാശ കമ്മീഷന്‍, വിവരാവകാശ നിയമം എന്നിങ്ങനെ ജനാധിപത്യത്തിന്റെയും നീതിയുടെയും ഉത്തുംഗപദത്തിലാണ് നമ്മുടെ റിപബ്ലിക് നിലകൊള്ളുന്നതെന്ന് വിശ്വസിക്കുമ്പോള്‍ത്തന്നെ, ഭരണഘടന വാഗ്ദാനംചെയ്യുന്ന പൗരാവകാശങ്ങളില്‍ ഊന്നി നാട്ടില്‍ അറങ്ങേറുന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലേക്കും ഭീകരാക്രമണങ്ങളിലേക്കും ചൂഴ്ന്ന്‌ചെന്ന് അവയെ സൂക്ഷ്മാന്വേഷണങ്ങള്‍ക്ക് വിധേയമാക്കിയാല്‍ പെട്ടന്ന് രാജ്യദ്രോഹിയും അപകടകാരിയുമായി മുദ്രകുത്തപ്പെടുന്ന സമകാലീന ഇന്ത്യന്‍ അവസ്ഥ സേഥി ഈ പുസ്തകത്തില്‍ വരച്ചിടുന്നു.

2001 മുതല്‍ 2011 വരെ ഇന്ത്യയില്‍ സ്‌ഫോടന പരമ്പരകളുടെയും തൊണ്ണൂറുകളുടെ മധ്യത്തില്‍ പഞ്ചാബില്‍ നടന്ന സിഖ് ഭീകര ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും ആന്ധ്ര പ്രദേശിലെ തീവ്രവാദിള്‍ക്കുനേരേ നടന്ന നിയന്ത്രിത കൊലപാതങ്ങളുടെയും അണിയറ രഹസ്യങ്ങള്‍ ഇതില്‍ ചുരുളഴിയുന്നു. ആഭ്യന്തര വകുപ്പും, ഇന്റലിജന്‍സ് ബ്യൂറോയും പുറത്തിറക്കുന്ന പ്രസ്സ് റിലീസുകള്‍ക്ക് പകരം, എഫ് ഐ ആര്‍,പോലീസ് ഡോക്‌മെന്റുകള്‍, സാക്ഷിമൊഴികള്‍, കോടതിയുത്തരവുകള്‍ എന്നിവ സൂക്ഷമായി പരിശോധിച്ച് അവയിലെ വൈരുധ്യങ്ങള്‍ ഈ കൃതി പുറത്തേക്കെടുക്കുന്നു.

മൂന്ന് ഭാഗങ്ങളിലായി പതിനൊന്ന് ലേഖനങ്ങളടങ്ങിയ ഈ പുസ്തകത്തിന്റെ ആദ്യഭാഗം ഇന്ത്യയില്‍ 2005 മുതല്‍ അരങ്ങേറിയ സ്‌ഫോടന പരമ്പരകളില്‍ കൃത്യമായ സമന്‍സുകളോ, വാറണ്ടുകളോ ഇല്ലാതെ വീടുകളില്‍നിന്നോ, വിദ്യാലയങ്ങളില്‍നിന്നോ പൊക്കിയെടുത്ത് ഇന്ത്യക്കെതിരെ യുദ്ധംചെയ്തു എന്ന കുറ്റത്തിന് തടവു പാളയത്തില്‍ ആക്കപ്പെടുകയും ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്ത മുസ്‌ലിം യുവാക്കളുടെ കദനകഥകളാണ്.

പോളിഗ്രാഫ്, നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ് മുതലായ ആധുനിക ടെസ്റ്റുകളും പീഡനത്തിനു ശേഷമുള്ള കുറ്റ സമ്മതമൊഴികളും വിദേശ ഫോണ്‍ വിളികളുമാണ് ഇവരെ പ്രതികളാക്കാന്‍ ഉപയോഗിക്കാറ്. എന്നാല്‍ ഡോ: നാര്‍ക്കോ എന്ന പേരിലറിയപ്പെടുന്ന ബംഗലൂര്‍ ഫോറന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. മാലതി എന്ന മലയാളി വനിത എങ്ങനെ കേസുകളില്‍ കൃത്തിമത്വം നടത്തിയെന്നും മനീഷ സേഥി കണിശമായ അപഗ്രഥന പാടവത്തോടെ വിവരിക്കുന്നു. പിന്നീട് വന്ന ചില കേസുകളില്‍ സുപ്രീംകോടതി ഇവരെ അയോഗ്യയാക്കയാണ് ഉണ്ടായത്.

ഗുലാം യസ്‌നാദി, മുഹമ്മദ് സര്‍വര്‍, ഖാലിദ് മുജാഹിദ്, ഹക്കീം താരിഖ് തുടങ്ങി താഴെ തട്ടില്‍നിന്ന് ഉയര്‍ന്നു വന്ന് ഉപരി വിദ്യാഭ്യാസം നേടിയെടുത്ത യുവാക്കളും പാവപ്പെട്ട മദ്രസ്സ അധ്യാപകരുമൊക്കെ ഇന്‍ന്ത്യന്‍ മുജാഹിദീന്‍ എന്ന പേരില്‍ അന്വോഷണ ഉദ്യോഗസ്ഥര്‍ മെനഞ്ഞെടുത്ത അമൂര്‍ത്ത നിര്‍മ്മിതികളിലേക്ക് എങ്ങനെ വലിച്ചിഴക്കപ്പട്ടു എന്നും, പിന്നീട് പൗരാവകാശ പ്രവര്‍ത്തകരുടെ നിരന്തര ശ്രമങ്ങള്‍ക്കുശേഷം ജുഡീഷണല്‍ അന്വേഷണവും സി.ബി.ഐ യുമൊക്കെ അവരില്‍ ചിലരെ എങ്ങനെ കുറ്റവിമുക്തരാക്കിയെന്നുമുള്ള മനുഷ്യമനസ്സാക്ഷിയെ ഞെടുക്കുന്ന വസ്തുതകളും വിവരിക്കപ്പെടുന്നു.

2008ല്‍ ഡല്‍ഹിയിലെ ഭട്‌ല ഹൗസില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ തുടര്‍ന്നാണ് സത്യാവസ്ഥ മനസ്സിലാക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട് എന്ന നീതിവാക്യം മുഴക്കി മനീഷ സേഥി എന്ന ജാമിഅ മില്ലിയയിലെ സോഷ്യോളജി അധ്യപിക മുന്നോട്ടുവന്നത്. സേഥിയുടെ തുടര്‍ന്നുള്ള നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കും, കൃത്യമായ അന്വേഷണങ്ങളിലൂടെ അവര്‍ എത്തിച്ചേര്‍ന്ന ഹൃദയം ഞെടുക്കുന്ന കണ്ടെത്തലുകള്‍ക്കും പ്രവചനാത്മകതയുണ്ടായിരുന്നു എന്ന് പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം നടന്ന മലേഗാവ്,മക്കാമസ്ജിദ് സ്‌ഫോടനങ്ങളുടെ അന്വേഷണവും തീവ്രഹിന്ദുത്വ സംഘടനകള്‍ക്ക് അവയിലുള്ള പങ്കും തെളിയിച്ചു.

ഭരണകൂടങ്ങളും അധീശ വര്‍ഗങ്ങളും അവര്‍ക്കിണങ്ങുംവിധം മുന്‍വിധികളും ഹിംസാത്മകമായ വിചാര രീതികളും ജനങ്ങളുടെ സാമാന്യബോധത്തിലേക്ക് പ്രക്ഷേപിക്കുകയും അവര്‍ അതിനെ തങ്ങളുടെ ബോധം തന്നെയാക്കി മാറ്റുകയും ചെയ്യുന്നതിനെപ്പറ്റി ആന്റെണിയോ ഗ്രാംചി ഒരിടത്ത് പറയുന്നുണ്ട്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഭീകരത എന്ന വാക്ക് ഇന്ത്യന്‍ പൗരന്മാരില്‍ കുത്തിവെച്ച് അവരില്‍ അജ്ഞാതമായ ഭീതി ജനിപ്പിച്ച് ജന വികാരം മുതെലുക്കാനും ഇവിടുത്തെ അധീശസവര്‍ണ അധികാരികള്‍ക്ക് കഴിഞ്ഞിരിക്കുന്നു. സേഥി പുസ്തകത്തില്‍ ഒരിടത്ത് പറയും പോലെ:നമ്മുടെ ക്രമിനല്‍ സംവിധാനം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. 'പീഢിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍, വഴങ്ങുന്ന ഡോക്ടര്‍മാര്‍, സത്യസന്ധതയില്ലാത്ത ഫോറന്‍സിക് ശാസ്ത്രജ്ഞര്‍, പീഢനത്തിന്റെ തെളിവുകള്‍ അവഗണിക്കുന്ന നീതിപീഠം, ദുര്‍ബലമായ തോളുകളില്‍ ദേശീയ സുരക്ഷയുടെ ഭാരം താങ്ങുന്ന മാധ്യമങ്ങള്‍.' (പേ. 34)

ഇസ്രത്ത് ജഹാന്‍, സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ വ്യാജോക്തികളും ഇന്ത്യന്‍ മുജാഹിദീന്‍, സിമി, ഹുജി, പാകിസ്ഥാന്‍ കെട്ടിച്ചമക്കലുകളും വര്‍ഗീയ പ്രത്യയശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പീന്നീട് എങ്ങനെ ഭരണപഥങ്ങളിലേക്കുള്ള ചവിട്ടുപടികളായി മാറി എന്നതും നാം മറന്നുകൂടാ...

ഇന്ത്യന്‍ സാമൂഹിക ജീവിതം വംശീയ വര്‍ഗീയ ചിന്തകള്‍കൊണ്ട് കലുഷിതമായ ഈ കാലത്ത് ഈ പുസ്തകത്തിന്റെ അനുബന്ധമായി കൊടുത്തിരിക്കുന്ന അല്‍ബദര്‍ എന്ന ഭീകര സംഘടനയുടെ പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ 2006ല്‍ അറസ്റ്റ് ചെയ്ത ഇര്‍ഷാദ് അലി തീഹാര്‍ ജയിലില്‍നിന്ന് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങിന് അയച്ച എഴുത്തിന്റെ ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു:

ഇന്ത്യന്‍ പ്രധാനമന്ത്രി,

സൗത്ത് ബ്ലോക്ക്

പ്രിയ സര്‍,

....... ഞാനാദ്യം സ്വയം പരിചയപ്പെടുത്താം. എന്റെ പേര് ഇര്‍ഷാദ് അലി. മുഹമ്മദ് യൂനുസിന്റെ മകനാണ്. ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ വാഡ് നമ്പര്‍ അഞ്ചില്‍ (അതീവ അപകട വാര്‍ഡ്) എട്ടാം സെല്‍ നമ്പര്‍ 12ല്‍ തടവില്‍ കഴിയുന്നു.....

.....ഞാന്‍ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലുമായി ബന്ധപ്പെട്ട് ഒരു ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഡല്‍ഹി പ്രത്യേക സെല്‍ തീവ്രവാദികളെ പിടികൂടാന്‍ ഇന്റലിജന്‍സ് ബ്യൂറോയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന ഒന്നാണ്..... തങ്ങളുടെ പദവികള്‍ നിലനിര്‍ത്താനും പുരസ്‌കാരങ്ങള്‍ നേടാനും ഇവര്‍ ഭീകരരെ സൃഷടിക്കും. ഈ ഏജന്‍സികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാം....

അവര്‍ ആകെ ചെയ്യുന്നത് സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും കെട്ടിച്ചമച്ച കഥകള്‍ നല്‍കുക എന്നതാണ്.... തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണക്കാനായി അവര്‍ ചെയ്യുന്നത് ഇതാണ്: മൗലവി രൂപത്തിലുള്ള നീണ്ടതാടിയും ഇസ്‌ലാമിക പ്രബോധനങ്ങളില്‍ നല്ല അറിവും ഉള്ള ആള്‍ ഏതെങ്കിലും മുസ്‌ലിം മേഖലയില്‍ എത്തുന്നു. ഒന്നുകില്‍ ഒരു മുസ്‌ലിം പള്ളി താമസസ്ഥലമായി തെരഞ്ഞെടുക്കും. വിശുദ്ധ സ്വഭാവം, അഞ്ചുതവണത്തെ പ്രാര്‍ഥന എന്നിവ വഴി അദ്ദേഹം പെട്ടെന്നുതന്നെ സഹതാപവും ശ്രദ്ധയും നേടുന്നു. പ്രത്യേകിച്ച് വിദ്യാസമ്പന്നരായ യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നു. സാവധാനം തന്റെ ലക്ഷ്യത്തിന് അനുപൂരകമായവരെ കണ്ടെത്തുന്നു. അവരെ ഇന്ത്യാവിരുദ്ധ, സര്‍ക്കാര്‍വിരുദ്ധ പ്രസംഗങ്ങളില്‍ ഊന്നി ആവേശം കൊള്ളിക്കും.

ഒരു ദിവസം സംഘത്തോട് താന്‍ ലശ്കറെ ത്വയ്യിബയോ മറ്റേതെങ്കിലും സംഘടനയുടെയോ കമാന്‍ഡറാണ് എന്നഅദ്ദേഹം പറയും. ചെറു ആയുധങ്ങള്‍ അവര്‍ക്ക് വിതരണം ചെയ്യുകയും പരിശീലനം നല്‍കുകയും ചെയ്യും. ഇതിനിടയില്‍ അയാള്‍ ഐ.ബിയിലെ വേട്ടനായ്ക്കളുമായി ബന്ധം പുലര്‍ത്തുകയും ഓരോ നിമിഷത്തെയും സംഭവവികാസങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുകയും ചെയ്യും.

അവസാനം, കമാന്‍ഡര്‍ ഒരു സായുധ നടപടിക്കായി ആഹ്വാനം നല്‍കും. അതിനുവേണ്ടി ഒരു റിഹേഴ്‌സലും നടത്തും. ഇതിനിടയില്‍ ഐ.ബി. വിവരങ്ങള്‍ പ്രത്യേക സെല്ലിനെ അറിയിക്കും. അവര്‍ ലക്ഷ്യസ്ഥാനത്ത് കെണിയൊരുക്കും. ഈ യുവാക്കള്‍ പഴുത്ത പഴങ്ങള്‍ പോലെ പൊലീസ് വലയില്‍ വീഴും. പൊലീസ്, കമാന്‍ഡറെ പിടികൂടാന്‍ തെരച്ചില്‍ നടത്തുമ്പോള്‍ അയാള്‍ ഐ.ബിക്കൊപ്പം പോയിട്ടുണ്ടാവും. ഒരു ചുരുങ്ങിയ റിപ്പോര്‍ട്ട് എത്തും, 'നിരവധി ഭീകരര്‍ പിടിയിലായെങ്കിലും ഒരാള്‍ പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു.' (പേജ്. 175,176)

സത്യം സ്വര്‍ണപാത്രം കൊണ്ട് മൂടിയാലും ഒരിക്കല്‍ പുറത്തുവരും എന്ന ഉപനിഷത്ത് വചനത്തെ അന്വര്‍ഥമാക്കുന്നതാണ് ഈ പുസ്തകത്തിലെ ഓരോ വരികളും . സമകാലീന സാമൂഹ്യാവസ്ഥയെ പറ്റി അറിയാന്‍ ഉത്സുകരായ അന്വേഷകര്‍ക്ക് വളരെ പ്രസക്തമായ പഠനവും.

Leave a Comment


Disqus comments here..........