ഐ.പി.എച്ച് അറബിമലയാള ശബ്ദകോശം നിഘണ്ടുക്കളിലെ നവാഗതന്‍

 ഡോ. എ.ബി. മൊയ്തീന്‍കുട്ടി

കൊച്ചുപുരയില്‍ ഫരീദുദ്ദീന്‍ ഖാന്‍ എന്ന കെ.പി.എഫ് ഖാന്റെ അറബി മലയാള ശബ്ദകോശം 1557 പുറങ്ങളിലായി ഐ.എസ്.ബി നമ്പറോടെ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയത് ദിവസങ്ങള്‍ക്കു മുമ്പാണ്. പ്രകാശനം അറബി ഭാഷാ വിസ്മയമായ ഖുര്‍ആന്‍ അവതരിച്ച റമദാന്‍ മാസത്തിന് തൊട്ടുമുമ്പായത് തികച്ചും യാദൃച്ഛികമാകാം. എത്രയെത്ര രാത്രികളാണ് കെ.പി.എഫ് ഖാന്‍, ഈ നിഘണ്ടുവിന്റെ പണിപ്പുരയില്‍ ഉറക്കമിളച്ചതെന്ന് അദ്ദേഹത്തിനും ദൈവത്തിനുമറിയുന്ന രഹസ്യം. ഓരോ ഉറക്കവും ഓരോ ഉണര്‍വിലാണ് അവസാനിക്കുന്നത്.

ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള ലോകമല്ല ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍. ലോകം മാറുമ്പോള്‍ ഭാഷയും മാറും. ഭാഷ മാറുകയെന്നാല്‍ വാക്കുകളുടെ അര്‍ഥതലങ്ങള്‍ മാറുമെന്നു മറുമൊഴി. പഴയപദങ്ങള്‍ പുതിയ അര്‍ഥങ്ങള്‍, പുതുപദങ്ങള്‍ പുതു അര്‍ഥങ്ങള്‍, പുതുപുത്തന്‍ പദ ശില്‍പങ്ങള്‍, പ്രയോഗങ്ങള്‍, ഘടനകള്‍. ലോകത്തെ എല്ലാ ഭാഷയിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവയുടെ വ്യവഹാരിക ഗതിയനുസരിച്ച് മാറ്റം കൂടിയും കുറഞ്ഞുമിരിക്കും. അറബി ഭാഷയുടെ മാറ്റം അതിന്റെ തനിമയെ തള്ളിയല്ല; ഉള്‍ക്കൊണ്ടുള്ളതാണ്. അതിനാല്‍, അറബി ഭാഷയുടെ ഗതിവിഗതികള്‍ അറിഞ്ഞുള്ള ഖാന്റെ നിഘണ്ടുവിന് പ്രസക്തിയുണ്ട്.

വാക്കിന്റെ അര്‍ഥം അറിയാന്‍ മാത്രമല്ല, നിഘണ്ടുവെന്ന ബോധ്യം ഒന്നുകൂടെ കനം വെക്കും കെ.പി.എഫ് ഖാന്റെ അറബിമലയാള നിഘണ്ടു പരതുമ്പോള്‍. ഒരു പദത്തിന്റെ അക്ഷര വിന്യാസം, ഉച്ചാരണം, അര്‍ഥം, സൂചികാര്‍ഥം, പ്രയോഗം, പര്യായം, നിഷ്പത്തി, ചരിത്രം എന്നിവയില്‍ ചിലതോ മൊത്തമോ ഉള്ളതായ പുസ്തകത്തെയാണ് നിഘണ്ടുവെന്ന ഓക്‌സ്ഫഡ് ഡിക്ഷണറിക്കാരന്‍ നിരീക്ഷിച്ചിട്ടുള്ളത്. ഇവയില്‍ ഉച്ചാരണവും ചരിത്രവും ഒഴിച്ചുള്ള കാര്യങ്ങള്‍ ഖാന്‍ തന്റെ നിഘണ്ടുവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. (ഉച്ചാരണത്തിന് ഹറകത്തു നല്‍കിയിട്ടുണ്ട്. ചരിത്രം അപ്രസക്തമാണു താനും.) പുറമെ അറബി അര്‍ഥവും വിപരീതങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു

വിജ്ഞാന വിസ്‌ഫോടനം സാധിക്കുകയും ഓരോ ജ്ഞാനശാഖക്കും സവിശേഷ നിഘണ്ടുക്കള്‍ ഇറങ്ങുകയും ചെയ്യുന്ന കാലത്ത് പൊതു നിഘണ്ടുക്കളില്‍ സമ്പൂര്‍ണത കൈവരിക്കുക ഏറെ ദുഷ്‌കരമാണ്.

എട്ടാം നൂറ്റാണ്ടില്‍(718791) ഖലീലു ബിന്‍ അഹ്മദ് കിത്താബുല്‍ ഐനിലൂടെ തുടങ്ങിവെച്ച അറബി നിഘണ്ടു ചരിത്രത്തിലെ ഇങ്ങേതലക്കലെ ഒരു കണ്ണിയാണ് ഐ.പി.എച്ച് അറബി മലയാള ശബ്ദകോശം. 13 നൂറ്റാണ്ടുകള്‍ക്കിടയില്‍ അറബിയുമായി ബന്ധപ്പെട്ട എത്രയെത്ര നിഘണ്ടുക്കള്‍! ലിസാനുല്‍ അറബും അല്‍ ഖാമൂസും, അല്‍ മുന്‍ജിദും, കൊവാനും (ജെ. മില്‍ട്ടന്‍ കൊവാന്‍), അല്‍ മൗരിദും ചിലതു മാത്രം. അറബി മലയാള നിഘണ്ടുക്കളും ഒന്നിലധികമുണ്ട്. അവക്കിടയിലേക്കാണ് ഖാന്റെ പുതിയ ഡിക്ഷണറിഖാമൂസിന്റെ ആഗമനം.

പദസമ്പന്നം, ആധികാരികം, അറബി പദങ്ങള്‍ക്കും വാക്കുകള്‍ക്കും മലയാളത്തിലുള്ള നാനാര്‍ഥങ്ങള്‍ക്കു പുറമെ സമാന അറബി പദങ്ങള്‍, അറബി ചൊല്ലുകള്‍ക്കും ഉപമകള്‍ക്കും തത്തുല്യമായ മലയാള പ്രയോഗങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍, ജീവികള്‍, സസ്യങ്ങള്‍ തുടങ്ങിയവയുടെ അറബി വാക്കുകള്‍, ശാസ്ത്ര പദങ്ങള്‍ തുടങ്ങിയവ ഈ നിഘണ്ടുവിനെ ഇതര നിഘണ്ടുക്കളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നു... പ്രസാധകരുടെ ഈ വാക്കുകളെ മുഖവിലക്കെടുക്കുന്നവര്‍ അധികമൊന്നും നിരാശരാകേണ്ടി വരില്ല. അതേസമയം ജീവികള്‍, സസ്യങ്ങള്‍, ശാസ്ത്രപദങ്ങള്‍ പഴഞ്ചൊല്ലുകള്‍ എന്നിവയെല്ലാം സമഗ്രമായി ഉള്‍ക്കൊള്ളാന്‍ അതതു ശാഖാ നിഘണ്ടുക്കള്‍ വേണ്ടിവരുമെന്ന് ഓര്‍ത്തുവെക്കുന്നത് നന്ന്. അറബിയില്‍ ശാസ്ത്ര സംജ്ഞകള്‍ക്കും വ്യാപാര/സാമ്പത്തിക ശാസ്ത്ര പദങ്ങള്‍ക്കും പഴഞ്ചൊല്ലുകള്‍ക്കുമൊക്കെ വ്യത്യസ്ത ഡിക്ഷണറികള്‍ മാര്‍ക്കറ്റില്‍ ഏറെ മുമ്പേ ലഭ്യമാണ്.

'പദാന്വേഷക'ന്റെ (അങ്ങനെയാണ് ഖാന്‍ വായനക്കാരെ അഭിസംബോധന ചെയ്തിരിക്കുന്നത്) സൗകര്യത്തിനായി അറബി അക്ഷരമാലയും ചുരുക്കക്ഷര സൂചികയും നല്‍കിയിരിക്കുന്നു. ഈ നിഘണ്ടുവിനെ ആശ്രയിക്കുന്നവര്‍ക്ക് വഴികാട്ടിയായി നാലു പുറങ്ങളിലായി ഒരു പീഠികയുണ്ട്. അറബി ഭാഷാ നിഘണ്ടു ആവശ്യത്തിനുപകരിക്കണമെങ്കില്‍ അതിന്റെ ഉപയോഗ ക്രമം അറിഞ്ഞേ തീരൂ. അക്കാര്യം സവിസ്തരം ഖാന്‍ പീഠികയിലൂടെ സമര്‍പ്പിക്കുന്നു.

നിഷ്ഠയോടെ ഡിക്ഷണറി നോക്കുന്ന ശീലവും ഡിക്ഷണറി നിര്‍മാണവും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന ഒരു സിലബസും കരിക്കുലവുമാണ് നമുക്കുള്ളതെങ്കിലും അധ്യാപകര്‍ പോലും സംശയം വരുമ്പോള്‍ മറിച്ചുനോക്കേണ്ട പുസ്തകമായിട്ടാണ് ഡിക്ഷണറിയെ കാണുന്നത്.

വായിച്ചു രസിക്കാന്‍ കഴിയില്ലെങ്കിലും രസിച്ചു വായിക്കാന്‍ കഴിയുന്ന രൂപത്തിലേക്ക് ഈ ഡിക്ഷണറിയുടെ കുറെയേറെ ഭാഗങ്ങളെങ്കിലും എത്തിയിട്ടുണ്ട്. ഓരോ അക്ഷരങ്ങളെയും പരിചയപ്പെടുത്തുന്നതും ഹംസഃ, മ, ല എന്നിവയുടെ വ്യാകരണ നിയമങ്ങള്‍ വകതിരിഞ്ഞു പ്രതിപാദിക്കുന്നതും വായനക്കാരെ ഉത്തേജിപ്പിക്കുമെന്നു തീര്‍ച്ച. ചില പദങ്ങള്‍ക്ക് കൊടുത്ത അര്‍ഥം സുഗ്രാഹ്യമാകുവാന്‍, സമാനമായ ഇംഗ്ലീഷ് പ്രയോഗം/പദം മലയാളത്തില്‍ കൊടുത്തത് 'കസ്റ്റമര്‍ ഡിലൈറ്റാക്കുമെന്നതില്‍ സംശയമില്ല. വസ്‌നു രീശ്(ഫെതര്‍വെയിറ്റ്), മസ്‌റഹ് ഗനാഇയ്യ(ഓപറ), കുശ്ക്

(ഷെഡ് ബൂത്ത്), ബാഇഉല്‍ ജറാഇദ്(ന്യൂസ്‌പേപ്പര്‍ ബോയ്) എന്നിവ ചില ഉദാഹരണങ്ങള്‍.

സമ്പൂര്‍ണം എന്നൊന്നും ഒരു നിഘണ്ടുവിന്റെ കാര്യത്തിലും തീര്‍ത്തു പറയുക അസാധ്യം. എങ്കിലും 1517 പേജുകള്‍ ഉണ്ട് എന്നതുതന്നെ മലയാളത്തിലെ ഇതര നിഘണ്ടുക്കളെക്കാള്‍ പദസമ്പന്നമാണെന്നതിന് തെളിവാണ്. എന്നിരുന്നാലും കുറച്ചുകൂടി സമകാലഃ പദങ്ങളും പ്രയോഗങ്ങളും ഉള്‍പ്പെടുത്താമായിരുന്നു. ഔലമ(ആഗോളീകരണം), ഇര്‍ഹാബിയൂന്‍(ഭീകരര്‍) എന്നിവയൊക്കെ ഇടംപിടിച്ചെങ്കിലും സോഫ്‌റ്റെവെയര്‍ എഞ്ചിനീയര്‍(മുഹന്‍ദിസു ബറാമില്‍ ജാഹിസ) ഇല്ലാത്തത് പോരായ്മയായി ചിലര്‍ക്കെങ്കിലും തോന്നാം. കൂട്ടിച്ചേര്‍ക്കലുകളും പരിഷ്‌കരണങ്ങളും ഏതൊരു ഡിക്ഷണറിക്കും ആവശ്യമായി വരും. അതിനാല്‍ അടുത്ത പതിപ്പിറക്കുമ്പോള്‍ വിട്ടുപോയവ കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

സ്‌കൂള്‍, കോളേജ് ദര്‍സ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിവര്‍ത്തകര്‍ക്കും ഖുര്‍ആന്‍ പഠിതാക്കള്‍ക്കുമൊക്കെ ഏറെ പ്രയോജനകരമാകും ഈ ഡിക്ഷണറി എന്ന പ്രസാധകരുടെ പ്രതീക്ഷ അസ്ഥാനത്താകില്ലെന്നു വിശ്വസിക്കാം. വര്‍ഷങ്ങളോളം ദര്‍സ് വിദ്യാര്‍ഥിയും സ്‌കൂള്‍ അധ്യാപകനും അറബി എജുക്കേഷന്‍ ഇന്‍സ്‌പെക്ടറും അറബിക്കോളേജ് പ്രിന്‍സിപ്പലുമൊക്കെയായി പ്രവര്‍ത്തിച്ച് ഇരുത്തം വന്ന ഒരു പണ്ഡിതശ്രേഷ്ഠന്റെ വര്‍ഷങ്ങളുടെ അധ്വാനഫലങ്ങള്‍ നിരര്‍ഥകമാകില്ലല്ലോ.

ഡോ. ജോണ്‍സണ്‍ തന്റെ നിഘണ്ടു നിര്‍മാണത്തോടനുബന്ധിച്ച് എഴുതിയത് കെ.പി.എഫ്. ഖാന്റെ അറബി മലയാള ശബ്ദകോശത്തിനും ചേരുമെന്നു തോന്നുന്നു. ''ഈ പുസ്തകത്തില്‍ ചിലതു വിട്ടുപോയിട്ടുണ്ടെന്ന് നിങ്ങള്‍ കണ്ടെത്തും. പക്ഷേ, ഒട്ടേറെ കാര്യങ്ങള്‍ നന്നായി ക്ലേശിച്ച് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മറക്കരുത്.''

(ലേഖകന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് തലവനാണ്)

Leave a Comment


Disqus comments here..........