വി.എ. കബീറിന്റെ സംസാരിക്കും  ഛായാപടങ്ങള്‍

പി.എ.എം. ഹനീഫ്

ഇസ്‌ലാമിക സാഹിത്യവും മലയാള ഭാഷയും എന്നൊരു തരംതിരിവില്‍ നിരവധി എഴുത്തുകാരുണ്ട് കേരളത്തില്‍. അവരില്‍ മുക്കാലേ മുണ്ടാണിക്കും മലയാളം വാമൊഴിയും വരമൊഴിയും സ്ഖലിതങ്ങളോടെയേ അവതരിപ്പിക്കാനാവൂ. മണലിലെഴുതി മലയാളം പഠിക്കാത്തതിന്റെ ന്യൂനത.
മലയാളഭാഷ അനായാസം കൈകാര്യം ചെയ്ത അറബ് പണ്ഡിതരില്‍ മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിക്കാണ് പ്രഥമ സ്ഥാനം. എണ്ണിയാലൊടുങ്ങാത്തത്രയാണ് ആ മേഖലയില്‍ എഴുത്തുകാരെന്ന് അഭിമാനിക്കുന്നവര്‍. അവര്‍ മാസാമാസം പടച്ചുവിടുന്ന ഗ്രന്ഥതല്ല ജനങ്ങള്‍ക്കും കൈയും കണക്കുമില്ല. ഈയിടെ ഒരു വിദഗ്ധന്‍ 'തിക്തതം' എന്ന വാക്ക് തെറ്റി പ്രയോഗിച്ചുകണ്ടു.
ആ ഗണത്തില്‍പെടുത്താനാവാത്ത കൈത്തഴക്കമുള്ളൊരു തൂലികാവിദഗ്ധനാണ് വി.എ. കബീര്‍. മണലില്‍ ചൂണ്ടുവിരലാല്‍ എഴുതി മലയാള അക്ഷരങ്ങള്‍ പഠിച്ചവരുടെ പ്രാഗല്ഭ്യത്തോടെയാണ് കബീര്‍ മലയാള ഭാഷ കൈകാര്യം ചെയ്യുന്നത്. സമകാലിക ഒമാനി കവിതകള്‍, ബിലെയാം(നോവല്‍) കബീറിന്റെ മലയാളഭാഷാ വഴക്കങ്ങള്‍ക്ക് മികച്ച ഉദാഹരണങ്ങളാണ്. തലശ്ശേരിയില്‍ എന്റെ ആത്മ സുഹൃത്തായിരുന്ന ഭിഷഗ്വരന്‍ ഡോ. അഹ്മദ് ആണ് കബീര്‍ രചനകളെ എനിക്ക് ആദ്യം പരിചയപ്പെടുത്തുന്നത്. അഹ്മദ്, കബീര്‍ വിവര്‍ത്തനം നിര്‍വഹിച്ച ഖുര്‍ആനിലെ ജന്തുകഥകളെന്ന അഹ്മദ് ബഹ്ജത് കൃതി എനിക്കു സമ്മാനിക്കുകയും ചെയ്തു.
'സംസാരിക്കുന്ന ഛായാപടങ്ങള്‍' എന്ന തലക്കെട്ടിലൊരു ജീവചരിത്ര കുറിപ്പുകള്‍ വി.എ. കബീറിന്റേതായി ഐ.പി.എച്ച് പുറത്തിറക്കിയിരിക്കുന്നു. ശ്രദ്ധാപൂര്‍വം ഞാനതു വായിച്ചു. ബാമാത്ത് പ്രതിഭകള്‍ എന്നു തുടങ്ങി ചരിത്രത്തില്‍ ഇല്ലാത്തവര്‍ വരെ മികച്ച ഉപന്യാസങ്ങള്‍ (മുന്നേ പറഞ്ഞ തലശ്ശേരിയിലെ ഡോ. അഹ്മദും ചരിത്രത്തില്‍ ഇല്ലാത്തവര്‍ എന്ന തലക്കെട്ടില്‍ അവതരിപ്പിക്കപ്പെടുന്നു).
ഭാഷ ഏതുമാവട്ടെ, ശൈലിയും രചനാ മികവും പ്രഗല്ഭമാവട്ടെ, ഏതു തന്നെയായാലും അപരന് ഉള്ളു കാട്ടാനുള്ള ഏര്‍പ്പാടാണത്. ശാഖകളും ഉള്ളു കാട്ടാനുള്ള ഏര്‍പ്പാടാണത്. ശാഖകളും ഉപശാഖകളുമുള്ള 'പത്ര'ങ്ങളോടെ മഹാവൃക്ഷത്തിന്റെ ഓജസ്സും തേജസ്സും ഈ സദ്ഗ്രന്ഥത്തിന്റെ ഓരോ ഇലയിലും തെളിയുന്നു എന്നതാണ് സമീപകാലത്തു വായിച്ച ഗ്രന്ഥങ്ങളില്‍ എനിക്കേറെ പ്രേമവും ഇഷ്ടവും ഈ 'പാഠശാല'യോട് തോന്നാന്‍ കാരണം. ഉവ്വ്, പ്രസാധകര്‍ അവകാശപ്പെടുംപോലെ ഈ ഗ്രന്ഥം ഒരു മഹാപാഠശാലയാണ്. കബീറിന്റെ രചനാമേന്മ എന്തെന്ന് അന്വേഷിച്ചാല്‍ ഓരോ വാക്കും അതിസൂക്ഷ്മമായി തിരഞ്ഞെടുത്ത് പ്രയോഗിക്കുന്ന എന്നതാണ്. ഉദാ: മുഹമ്മദ് ഖുതുബ് എന്ന പാഠപുസ്തകം കബീര്‍ എഴുതുമ്പോള്‍ വരികള്‍ ആത്മാര്‍ഥതയാല്‍ തിളങ്ങുന്നു. 'ഉപബോധ മനസ്സ്' എന്ന ഫ്രോയിഡിയന്‍ സങ്കല്‍പം അദ്ദേഹത്തിന് ഇഷ്ടമായി. പക്ഷേ, മനുഷ്യജീവിതത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും ലൈംഗികമായി വ്യാഖ്യാനിക്കുന്ന ഫ്രോയിഡിന്റെ രീതിയുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ആദ്യകാല ആകര്‍ഷണം അപൂര്‍ണ പഠനത്തിന്റെ ഫലമായിരുന്നുവെന്നാണ് അദ്ദേഹം (ഖുതുബ്)പറയുന്നത്.'
എന്തൊരു ഓജസ്സാണ് കബീറിന്റെ ഭാഷാരീതിക്ക്. ഖുതുബ് കുറിപ്പ് അവസാനിക്കുന്നത് അദ്ദേഹത്തിന്റെ വേര്‍പാട് പറഞ്ഞുകൊണ്ടാണ്. വന്‍ ജനസഞ്ചയത്തിന്റെ അകമ്പടിയോടെ മക്കയിലെ 'മുഅല്ലാത്ത്' മഖ്ബറയില്‍ മൃതദേഹം മറമാടി. ഹറമിലെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത നിരവധിയാളുകള്‍ മഖ്ബറയില്‍ വച്ചാണ് നമസ്‌കാരം നിര്‍വഹിച്ചത്. നോക്കൂ, കബീറിയന്‍ ശൈലിയില്‍ ആ ജനാസ നമസ്‌കാരത്തിന്റെ വിഷ്വല്‍ വായനക്കാരന് തെളിഞ്ഞുകിട്ടുന്നത്. മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യ വിഭാഗത്തില്‍ ആര്‍ക്കും കൈവരാത്ത ഒരു തൂലികാ മാസ്മരികതയാണ് ഈ വിഷ്വല്‍ ഇഫക്ട്. ഈ സമാഹാരത്തിലെ ഏതു രചനയ്ക്കുമുണ്ടൊരു വിഷ്വല്‍ ഇഫക്ട്.
ഒരു ദുരന്തനാടകം ജീവിച്ചുതീര്‍ത്ത ഡോ. അഹ്മദിനെ പറയുമ്പോള്‍ കബീര്‍ പ്രയോഗിക്കുന്നു, 'കുളിക്കാതെ ഈറനണിയേണ്ടിവന്ന' ഒരു ദുരന്തനാടകമായിരുന്നു ഡോ. അഹ്മദിന്റെ ജീവിതം. മുഷിഞ്ഞ മനസ്സുകള്‍ക്ക് റിലാക്‌സിങ് ഇഫക്ട് നല്‍കുന്ന ഡോ. അഹ്മദിന്റെ കത്തുകളുടെ ശൈലി അനാവരണം ചെയ്യുന്നിടത്ത് കബീറിലെ സത്യസന്ധനായ സുഹൃത്ത് ഈറന്‍ നയനങ്ങളോടെ പ്രത്യക്ഷപ്പെടുന്നു. 'എടോ ഫനീഫേ' എന്നാരംഭിക്കുന്ന അഹ്മദിയന്‍ നീല ഇന്‍ലന്‍ഡുകള്‍ ഏറെ എന്റെ കരള്‍ ആല്‍ബത്തിലുണ്ട്.
പുസ്തകം ആകെ വിശദീകരിക്കാന്‍ 'വെട്ടും തിരുത്തും' സ്‌പേസ് തരുന്നില്ല. 'ഒന്ന്' എന്ന അക്കലത്തിലാണ് പുതിയ കബീര്‍ ഗ്രന്ഥം ആരംഭിക്കുന്നത്. 'എടുത്തുകൊണ്ടുപോയി!' എന്നിടത്ത് യവനികയും വീഴ്ത്തുന്നു.
എന്റെ എഴുത്തു ജീവിതത്തില്‍ പരിചയപ്പെടാനും അകംതുറന്നു ചിരിച്ചും കരഞ്ഞും തോളുരുമ്മാനും സാധിച്ച ഈ കബീറിയന്‍ പ്രതിഭയ്ക്ക് ദീര്‍ഘായുസ്സു നേരാനേ എനിക്കാവുന്നുള്ളൂ. കാരണം, ഭാഷയില്‍ ഇത്രയേറെ നീലക്കണ്‍തെളിച്ചങ്ങള്‍ മറ്റൊരെഴുത്തുകാരനും ഇസ്‌ലാമിക സാഹിത്യ രചനകളില്‍ പ്രകടിപ്പിച്ചിട്ടില്ല തന്നെ.

 

Leave a Comment


Disqus comments here..........