ഇന്ത്യയുടെ സാമൂഹിക രൂപവത്കരണത്തിൽ മുസ്ലിം പങ്ക് - സികെ അബ്ദുൽ അസീസ്.

അധീശജനതകളെ അടിച്ചമർത്താനും കീഴൊതുക്കാനും അവരുടെ സംസ്കാരത്തെയും ചരിത്രത്തെയും അധമ സ്ഥാനം കൽപിച്ച് ജീവനോടെ കുഴിവെട്ടി മൂടുന്ന വിദ്യ കണ്ടുപിടിച്ചത് യൂറോപ്യൻ സാമ്രാജ്യത്വമാണ്. ആധുനികതയുടെ അനുബന്ധമായി സാമ്രാജ്യത്വാധിനിവേശങ്ങൾ ഏഷ്യനാഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് കടന്നുകയറുന്നതിന് മുമ്പ് ലോകചരിത്രത്തിൽ സംഭവിച്ചിട്ടുള്ള കീഴടക്കലുകളിൽ ഇത്തരത്തിലുള്ള ഒരു ഭരണകൂട ഭ്രഷ്ടാചാരം നടന്നതിന് തെളിവുകളില്ല. യൂറോപ്യൻ സാമ്രാജ്യത്വം സുസ്ഥാപിതമാകുന്നതിന് മുമ്പ് മധ്യ പൂർവ ദേശത്തും വടക്കനാഫ്രിക്കയിലും വ്യാപിച്ച് കിടന്നിരുന്ന മുസ്ലിം പ്രദേശങ്ങളിലോ സ്പാനിഷ് ഖിലാഫത്തിെൻറ ഭരണരീതികളിലോ ഭരിക്കപ്പെടുന്നവരുടെ മതത്തെയും സംസ്കാരത്തെയും അടിച്ചമർത്തുന്ന സമീപനം പൊതുവെ സ്വീകരിക്കപ്പെട്ടതായി എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. യൂറോപ്പിെൻറ തന്നെ അഭിമാനമായി വാഴ്ത്തപ്പെട്ടിരുന്ന ഗ്രീക്ക് ചരിത്രത്തിൽ വലിയ ദ്വിഗ്വിജയം നേടിയ അലക്സാണ്ടർപോലും തെൻറ ദ്വിഗ്വിജയ പരമ്പരകളിലൊന്നും അന്യ ജനങ്ങളുടെ മതത്തെയും സംസ്കാരത്തെയും വില കുറച്ച് കാണുകയുണ്ടായിട്ടില്ല. അലക്സാണ്ടറുടെ സാമ്രാജ്യത്വ വികസന ഭാവനകളെ കുറിച്ച് ഏണസ്റ്റ് ബാർക്കർ നൽകുന്ന വിവരണം വായിച്ചാൽ യൂറോപ്യൻ ആധുനികതയുടെ അനുബന്ധമായി ഉയർന്നുവന്ന സാമ്രാജ്യത്വ മൂല്യങ്ങളിൽനിന്നും ഭാവനകളിൽ നിന്നും തുലോം ഭിന്നമായ രാഷ്ട്രസങ്കൽപമാണ് അദ്ദേഹം വെച്ച് പുലർത്തിയിരുന്നത് എന്ന് കാണാവുന്നതാണ്. പേർഷ്യ കീഴടക്കാൻ പദ്ധതിയിടുന്ന സന്ദർഭത്തിൽ പേർഷ്യക്കാരും ഗ്രീക്കുകാരും പരസ്പരം വിവാഹബന്ധത്തിലേർപ്പെടുകയും സൈനിക സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു സംയുക്ത സാമ്രാജ്യത്വത്തിെൻറ അധിപനായി വാഴാനാണ് അദ്ദേഹം ആലോചിച്ചിരുന്നത്. എന്നാൽ അരിസ്റ്റോട്ടിൽ അലക്സാണ്ടറുടെ ഈ ആഗ്രഹത്തെ തിരുത്താൻ ശ്രമിച്ചു. ഗ്രീക്കുകാരെയും അവരുടെ കണ്ണിൽ അപരിഷ്കൃതരായ പേർഷ്യക്കാരെയും ഒരേ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമായി കണക്കാക്കുന്നത് ശരിയല്ലെന്നും അലക്സാണ്ടർ ഗ്രീക്കുകാരുടെ നേതാവും പേർഷ്യക്കാരുടെ യജമാനനും ആകുന്നതാണ് ശരിയെന്നുമായിരുന്നു അലക്സാണ്ടർക്കുള്ള അരിസ്റ്റോട്ടിലിെൻറ ഉപദേശം. ഈ ഉപദേശം പക്ഷേ, അലക്സാണ്ടർ തള്ളി. മനുഷ്യരെ ഗ്രീക്കുകാരും അപരിഷ്കൃതരും എന്ന നിലയിൽ വിഭജിക്കുന്നതിനോട് വിയോജിക്കുന്നുവെന്നും നല്ലതും ചിത്തയും എന്ന നിലയിലുള്ള വിഭജനത്തോടാണ് തനിക്ക് താൽപര്യമെന്നും അലക്സാണ്ടർ പ്രഖ്യാപിച്ചതായി ബാർക്കർ രേഖപ്പെടുത്തിയിട്ടുണ്ട്. ആധുനിക യൂേറാപ്യൻ അധിനിവേശകർ അനുവർത്തിച്ചുപോന്ന സാംസ്കാരിക അടിച്ചമർത്തലുകളും ചരിത്ര തമസ്കരണങ്ങളും വക്രീകരണങ്ങളും പൗരസ്ത്യ ജനതകളോടുള്ള അവരുടെ അവമതിപ്പും ആധുനിക പൂർവ യൂറോപ്യൻ അധിനിവേശകരിൽ സാർവത്രികമോ സാധാരണമോ ആയിരുന്നില്ലെന്നാണ് ബാർക്കറുടെ വിവരണത്തിൽനിന്ന് വ്യക്തമാകുന്നത്. 18ാം നൂറ്റാണ്ടിലെ യൂറോപ്യൻ കൊളോണിയലിസം ഈ അർഥത്തിൽ വീക്ഷിക്കുമ്പോൾ അന്നേവരെ ഉണ്ടായിട്ടുള്ള ഭരണകൂടങ്ങളിൽനിന്നും മൗലികമായ വ്യത്യസ്തമായ സാംസ്കാരിക ഭ്രഷ്ടാചാരത്തിന് തുടക്കംകുറിക്കുകയും കീഴടക്കപ്പെട്ടവരോട് വംശീയമായും മതപരമായും വിവേചനം കൽപിക്കുകയും ചെയ്തു. ഇന്ത്യയുടെ മധ്യകാല ചരിത്രം വിശിഷ്യ മുസ്ലിം ഭരണത്തിെൻറ നാഗരികവും സാംസ്കാരികവുമായ സംഭാവനകൾ ഇത്തരത്തിൽ സാമ്രാജ്യത്വ ഭ്രഷ്ടാചാരത്തിനും തമസ്കരണത്തിനും ഏറ്റവും കൂടുതൽ ഇരയായ ഒന്നാണ്. സാമ്രാജ്യത്വ ചതിത്രരചനയുടെ ചുവടുപിടിച്ച് വികസിച്ച ദേശീയ ചരിത്രത്തിലും കൂറെക്കൂടി ആസൂത്രിതമായ ഹിന്ദുത്വ ചരിത്ര രചനകളിലുമെല്ലാം ഇന്ത്യയിലെ ഇസ്ലാമും മുസ്ലിംകളുമെല്ലാം അപരസ്ഥാനത്ത് നിർത്തപ്പെട്ടത് ഈ സാമ്രാജ്യത്വ ഭ്രഷ്ടാചാരത്തിെൻറ അനിവാര്യഫലമായിരുന്നു. ഈ പശ്ചാത്തലത്തിൽ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട ‘ഇന്ത്യയുടെ സാമൂഹിക രൂപീകരണവും മുസ്ലിംകളും’ എന്ന കെ.ടി. ഹുസൈെൻറ പഠനം കാലിക പ്രസക്തമായ ഒന്നാണെന്ന് പറയാതെ വയ്യ. ഇന്ത്യയുടെ സാമൂഹിക രൂപവത്കരണ പ്രക്രിയയിൽ മുസ്ലിംകൾ നൽകിയ സംഭാവനകളെയും വഹിച്ച പങ്കിനെയും ഏറ്റവും സംക്ഷിപ്തവും എന്നാൽ സമഗ്രവുമായ രീതിയിൽ രേഖപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമാണ് കെ.ടി. ഹുസൈൻ ഈ പുസ്തകത്തിലൂടെ നിർവഹിച്ചിരിക്കുന്നത്. ഇന്ത്യാ ചരിത്രത്തിലെ മുസ്ലിം സാന്നിധ്യത്തെ കുറിച്ച് നിരവധി ചരിത്രപഠനങ്ങൾ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലുമെല്ലാം ഇതിനു മുമ്പും വിരചിതമായിട്ടുണ്ട്. അവയിലൊന്നും ഉള്ളടങ്ങിയിട്ടില്ലാത്ത ഒരു സവിശേഷതകൂടി ഈ ഗ്രന്ഥത്തിന് അവകാശപ്പെടാവുന്നതാണ്. 20ാം നൂറ്റാണ്ട് മുതലുള്ള മുസ്ലിംകളുടെ സാമൂഹിക- രാഷ്ട്രീയ പങ്കാളിത്തത്തെ കുറിച്ച് പ്രഗല്ഭമതികൾ രചിച്ച ചരിത്രഗ്രന്ഥങ്ങളെല്ലാംതന്നെ പൊതുവിൽ പറഞ്ഞാൽ മുസ്ലിംകൾ എങ്ങനെ പ്രവർത്തിച്ചുവെന്നും എന്തെല്ലാം പ്രവർത്തിച്ചുവെന്നും ചിലപ്പോൾ ഭാഗികമായും മറ്റു ചിലപ്പോൾ ഒട്ടെറെ ആത്മനിഷ്ഠ ഭാവനകൾ ഉൾക്കൊള്ളിച്ചുകൊണ്ടും രേഖപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. മുസ്ലിംകളും അവരുടെ ധൈഷണിക നേതൃത്വവും ചരിത്രത്തിെൻറ നിർദിഷ്ട ഘട്ടങ്ങളിൽ എങ്ങനെ ചിന്തിച്ചുവെന്ന സുപ്രധാന ഘടകത്തിന് ആധുനിക ഇന്ത്യാ ചരിത്ര രചയിതാക്കൾ വേണ്ടത്ര പരിഗണനകൾ നൽകുകയുണ്ടായിട്ടില്ല. ഈ പരിമിതിയെ മറികടക്കുന്നുണ്ട് ഈ ഗ്രന്ഥം. മുസ്ലിംകൾ എങ്ങനെ ചിന്തിച്ചുവെന്നും ചരിത്രത്തിെൻറ പ്രതിസന്ധികളെ തരണം ചെയ്യാൻ ഈ ധൈഷണിക പ്രവർത്തനങ്ങൾ എത്രത്തോളം സഹായകരമായിട്ടുണ്ട് എന്നും വിശദീകരിക്കാൻ ശ്രമിക്കുന്നുവെന്നത് ഈ ഗ്രന്ഥത്തിെൻറ എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ്. മലയാള ഭാഷയിലെന്നല്ല മറ്റേതെങ്കിലും ഭാഷയിൽ ഇങ്ങനെയൊരു പ്രമേയം മുസ്ലിം ചരിത്രസംബന്ധിയായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. എട്ടു ഭാഗങ്ങളിലായി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ മുസ്ലിംകളുടെ ആഗമനം തൊട്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്ലിം ചരിത്രം വരെ ഈ ഗ്രന്ഥത്തിൽ സംക്ഷിപ്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഇസ്ലാമും മുസ്ലിംകളും ഇന്ത്യയുടെ സാമൂഹിക ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചുണ്ട്. സൂഫികളുടെ പ്രബോധനമുണ്ട്. മുസ്ലിംകൾക്കിടയിൽ നടന്ന സാമൂഹികവും മതപരവുമായ പരിഷ്കരണങ്ങളുണ്ട്. സായുധമായും അല്ലാതെയും കൊളോണിയലിസത്തിനെതിരെ അവർ നടത്തിയ ചെറുത്ത്നിൽപുണ്ട്. മതപരവും ആധുനികവുമായ വിദ്യാഭ്യാസ പരിഷ്കരണങ്ങളെ കുറിച്ചുണ്ട്. സർ സയ്യിദിെൻറയും അല്ലാമാ ഇഖ്ബാലിെൻറയും സാമൂഹിക പരിഷ്കരണങ്ങളുണ്ട്. എന്നാൽ, അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയവും വർത്തമാനകാലത്തേക്ക് കൂടി പടർന്ന് കിടക്കുന്നതുമായ മൂന്ന് അധ്യായങ്ങളിലേക്ക് ഒന്നെത്തിനോക്കുന്നത് അനുചിതമാവാനിടയില്ല. മൗലാന അബുൽ കലാം ആസാദ്, മുഹമ്മദലി ജിന്ന, സയ്യിദ് മൗദൂദി എന്നിവരുടെ ചിന്തയെയും പ്രവർത്തനങ്ങളെയും കുറിച്ചാണ് ഈ അധ്യായങ്ങളിൽ പ്രതിപാദിക്കുന്നത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെന്നപോലെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയവും മതപരവുമായ വ്യവഹാരങ്ങളിൽ ഒരു സൈദ്ധാന്തിക ചട്ടക്കൂട് സമാനമായ സ്വാധീനം ഈ മഹാപ്രതിഭകളിലൂടെ ചിന്തകൾക്ക് ചെലുത്താൻ സാധിക്കുന്നുണ്ട്. ഇന്ത്യയുടെ സാമൂഹിക രൂപവത്കരണത്തിൽ ആ മഹാപ്രതിഭകളുടെ പങ്കാളിത്തത്തെ അപഗ്രഥിക്കുമ്പോൾ ഗ്രന്ഥകാരനും അതിെൻറ സ്വാധീനത്തിൽ നിന്ന് മുക്തനല്ല. അത് സ്വാഭാവികവുമാണ്. ഇന്ത്യൻ മുസ്ലിംകളുടെ ചിന്താമണ്ഡലത്തിൽ അവർക്കിപ്പോഴും സജീവ സാന്നിധ്യം ചെലുത്താനാവുമെന്നതാണതിെൻറ അർഥം. ‘‘ഖുർആനും സുന്നത്തും ഉയർത്തിപ്പിടിച്ചസാമൂഹിക പരിഷ്കർത്താവ്, വിപ്ലവകാരിയായ രാഷ്ട്രീയ നേതാവ്, ഇന്ത്യൻ ദേശീയതയെ ബഹുസ്വരമായി വ്യാഖ്യാനിച്ച ദേശീയ വാദി, പത്രപ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ഇരുപതാം നൂറ്റാണ്ടിലെ മഹാ പ്രതിഭയാണ് മൗലാന അബുൽ കലാം ആസാദ്. ഖുർആനും സുന്നത്തും അടിത്തറയാക്കിയ ഒരു സാമൂഹിക രാഷ്ട്രീയ ക്രമം ആധുനിക ഇന്ത്യയിൽ സാധ്യമാണെന്ന ബോധം ഇന്ത്യൻ മുസ്ലിംകളിൽ ആദ്യമായി ഉണ്ടാക്കിയത് ആസാദാണ്. പിന്നീട് ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ കോൺഗ്രസിലെത്തിയ ആസാദ് ഹിന്ദു – മുസ്ലിം സംയുക്ത ദേശീയതയുടെ ഉറച്ച വക്താവുമായി. ഖിലാഫത്തിെൻറ സൈദ്ധാന്തികൻ എന്ന നിലയിൽ ഖിലാഫത്ത് പ്രസ്ഥാനം സജീവമായ കാലത്ത് ഇസ്ലാമിക രാഷ്ട്രീയം ഉയർത്തിപ്പിടിച്ച ആസാദ് 1923ൽ കോൺഗ്രസ് പ്രസിഡൻറായതോടെ അതിനെ കുറിച്ച് മൗനംപാലിച്ചു. കോൺഗ്രസിലെ ലിബറൽവാദികളും ഹിന്ദുത്വവാദികളും മുസ്ലിം പ്രശ്നത്തെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് മുഹമ്മദലിയും ഷൗക്കത്തലിയും ഉൾപ്പെടെ കോൺഗ്രസിലെ ഭൂരിപക്ഷം മുസ്ലിം നേതാക്കളും അണികളും കോൺഗ്രസ് വിട്ടപ്പോഴും ആസാദ് കോൺഗ്രസിൽ ഉറച്ച് നിന്നു. നെഹ്റുവും പട്ടേലും ഉൾപ്പെടെ തെൻറ സഹപ്രവർത്തകരെല്ലാം വിഭജനത്തിന് അനുകൂലമായപ്പോഴും അവസാനംവരെ ഏകീകൃത ഇന്ത്യക്ക് വേണ്ടി നിലകൊള്ളുകയും വിഭജനം തടയാൻ തന്നെകൊണ്ടാവുന്നതെല്ലാം ചെയ്യുകയും ചെയ്തതാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആസാദിനെ ഏറ്റവും പ്രസക്തനാക്കിയത്. വിഭജനത്തിന് ശേഷം ഇന്ത്യയിൽ അവശേഷിച്ച മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വിഭജനത്തെ കുറിച്ച് ആസാദിെൻറ നിലപാട് വലിയ അനുഗ്രഹവും പിടിവള്ളിയുമായി ’’( പുസ്തകത്തിൽ നിന്ന്). ആസാദിെൻറ ചിന്തയും പ്രവർത്തനങ്ങളും ഇന്ത്യൻ മുസ്ലിംകളുടെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്രകാരം തുണയായി മാറിയെന്നതിനെ സംബന്ധിച്ചുള്ള ശരിയായ നിരീക്ഷണംതന്നെയാണിത്. എന്നാൽ, ആസാദിെൻറ രാഷ്ട്രീയ ചിന്തകൾ ആദ്യ ഘട്ടത്തിൽ ഇസ്ലാമിക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുകയും അടുത്ത ഘട്ടത്തിൽ അതുപേക്ഷിച്ച് കോൺഗ്രസ് വിഭാവനം ചെയ്ത ഹിന്ദു- മുസ്ലിം സംയുക്ത ദേശീയതയുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തതിനെ വിരോധാഭാസമെന്നാണ് ഗ്രന്ഥകാരൻ വിലയിരുത്തുന്നത്. ‘‘ദൈവിക പരമാധികാരത്ത കുറിച്ച് ആസാദ് അൽഹിലാലിൽ എഴുതിയ ലേഖനം മുതൽ അദ്ദേഹം രൂപം നൽകാൻ തുനിഞ്ഞ ഹിസ്ബുല്ലാ പ്രസ്ഥാനം മുന്നോട്ട് വെച്ച ഇമാമുൽ ഹിന്ദ് എന്ന ആശയം ഹിജറ ആഹ്വാനം തുടങ്ങിയവ വരെ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകുന്ന കാര്യം ഇസ്ലാമിക രാഷ്ട്രീയത്തോടുള്ള ആസാദിെൻറ സമീപനം വൈചാരികമെന്നതിനെക്കാൾ വൈകാരികമായിരുന്നുവെന്നാണ്. സുചിന്തിതമായ കർമപദ്ധതിയൊന്നും ആസാദിെൻറ കൈവശമില്ലായിരുന്നു. അതിനാൽ ഒന്നിലും ആസാദിന് ഉറച്ച് നിൽക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഖിലാഫത്ത് പ്രസ്ഥാനത്തിെൻറ പരാജയത്തിന് ശേഷം ആസാദ് തീർത്തും വ്യത്യസ്തമായ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചപ്പോഴും തെൻറ മുൻ നിലപാടിനെ തള്ളിക്കളയാതിരിക്കാനുള്ള സത്യസന്ധത അദ്ദേഹത്തിനുണ്ടായിരുന്നു. മാത്രമല്ല താൻ ഒരു ഘട്ടത്തിൽ ഉയർത്തിപ്പിടിച്ച ഇസ്ലാമിക രാഷ്ട്രീയത്തെ കുറെക്കൂടി ചിന്താപരമായ ഭദ്രതയോടെ പിൽക്കാലത്ത് സയ്യിദ് മൗദൂദി അവതരിപ്പിക്കുകയും അദ്ദേഹം തന്നെ അതിന് കർമപദ്ധതി സമർപ്പിക്കുകയും ചെയ്തപ്പോൾ തെൻറ പൂർവകാലം അനുസ്മരിച്ചുകൊണ്ട് മൗദൂദിയുടെ ഉദ്യമങ്ങൾക്ക് വിജയാശംസകൾ നേരാനും ആസാദിന് മടിയുണ്ടായില്ല’’ എന്നാണ് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നത്. ആസാദിെൻറ രാഷ്ട്രീയ ചിന്തകളിൽ സംഭവിച്ച രൂപപരിണാമങ്ങളെ കുറിച്ച ഗ്രന്ഥകാരെൻറ നിരീക്ഷണങ്ങളെയും വിലയിരുത്തലുകളെയും വിമർശനാത്മകമായി നോക്കിക്കാണേണ്ടതുണ്ട്. കാരണം, ഇസ്ലാം കേന്ദീകൃത രാഷ്ട്രീയ ചിന്തയിൽനിന്നും മുസ്ലിം കേന്ദ്രീകൃത രാഷ്ട്രീയ പരിേപ്രക്ഷ്യത്തിലേക്കുള്ള ചുവട് മാറ്റം അത്യന്തം ഗൗരവത്തോടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. ആസാദും ജിന്നയും തമ്മിലുള്ള മൗലിക വ്യത്യാസവും ഇതിൽ ദർശിക്കാവുന്നതാണ്. ആസാദ് സെക്കുലർ ജനാധിപത്യത്തിൽ മുസ്ലിംകളുടെ സജീവ സാന്നിധ്യത്തെ ജിന്നയിൽനിന്ന് വ്യത്യസ്തമായിട്ടാണ് വിഭാവനംചെയ്തത്. ജിന്നയാകട്ടെ, സ്വത്വ രാഷ്ട്രീയത്തിെൻറ പരിവേഷം നൽകി ജനാധിപത്യത്തിെൻറ ഭൂരിപക്ഷവാദത്തോട് സന്ധിയും സമരവും അനുവർത്തിച്ച് ജനാധിപത്യത്തിെൻറ തന്നെ സാധ്യതയെയാണ് ഉപയോഗപ്പെടുത്തിയത്. എന്നാൽ ഭൂരിപക്ഷ വാദത്തിെൻറ സമ്മർദഫലമായി മുസ്ലിം രാഷ്ട്രീയം കടുത്ത വർഗീയതയിലേക്ക് വഴിമാറുന്നത് ജിന്നക്ക് തടയാനുമായില്ല. പേക്ഷ, മൗദൂദി ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തെ കൃത്യമായി വ്യാഖ്യാനിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇസ്ലാം കേന്ദ്രീകൃത രാഷ്ട്രീയ വിഭാവനയിൽ ശാഠ്യബുദ്ധിയോടെ ഉറച്ചുനിന്നതിെൻറ ഫലമായി, നിലനിൽക്കുന്ന യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയ സാന്നിധ്യത്തെ എങ്ങനെ കരുത്തുറ്റതാക്കാം എന്നതിന് കൃത്യമായ കർമപദ്ധതികളൊന്നും അക്കാലത്ത് മുന്നോട്ട് വെക്കാൻ അദ്ദേഹത്തിന് സാധിക്കുകയുണ്ടായില്ല. പാശ്ചാത്യ ജനാധിപത്യത്തെ കുറിച്ച് മൗദൂദിയൻ വിമർശനങ്ങൾ മാർക്സിയൻ ചിന്തകളെ ചുവട് പിടിച്ചുള്ളതാണ്. എന്നാൽ ഫ്രഞ്ച് വിപ്ലവാനന്തരം ഫെഡറിക്ക് ഏംഗൽസ് ജനാധിപത്യം വിഭാവനം ചെയ്ത സ്വാതന്ത്ര്യം സാധാരണ കർഷകർക്കും തൊഴിലാളികൾക്കും സ്വയം പര്യാപ്തത പ്രദാനം ചെയ്തതായി വിലയിരുത്തിയിട്ടുണ്ട്. ഏതായാലും ജനാധിപത്യം പ്രദാനംചെയ്യുന്ന പുരോഗമനപരമായ നിലപാടിനെ പൂർണമായും അവഗണിക്കുന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്. ഈ പുസ്തകത്തിെൻറ എടുത്ത് പറയാവുന്ന ഒരു ന്യൂനത സ്വാതന്ത്ര്യ സമരത്തിൽ ധീേരാദാത്തമായ പങ്കുവഹിച്ച സ്ത്രീകളെ തീർത്തും അവഗണിച്ചുവെന്നതാണ്. ഗ്രന്ഥകാരെൻറ തുടർപഠനങ്ങളിൽ അതുണ്ടാകുമെന്ന് പ്രതീക്ഷി (ഇന്ത്യയുടെ സാമൂഹിക രൂപികരണവും മുസ്ലിംകളും എന്ന കൃതിയെ കുറിച്ച് മാധ്യമം വാരികയിൽ സികെ അബ്ദുൽ അസീസ് എഴുതിയ പുസ്തക നിരൂപണം)

Leave a Comment


Disqus comments here..........