'പഞ്ചാരമാങ്ങയെ'പ്രമുഖ എഴുത്തുകാരന്‍ ശ്രീ. ജലീല്‍ രാമന്തളി ആസ്വദിച്ചെഴുതുന്നു.

വ്രതശുദ്ധിയുടെ മധ്യാഹ്നത്തിലാണ് പോസ്റ്റ്മാന്‍ സുരേന്ദ്രന്‍ `പഞ്ചാരമാങ്ങ`യുമായി എത്തിയത്. കിട്ടിയപ്പോള്‍ തന്നെ കെട്ടഴിച്ചു മുഴുവനും തിന്നുതീർത്തു .
     ``നന്മകള്‍ വിതറുന്ന തേനൂറും കഥകള്‍.ഹാശിമോന്‍ എന്ന കുഞ്ഞുമോനാണ് ഈ കഥകളിലെ കേന്ദ്ര കഥാപാത്രം.നോമ്പെടുക്കാനും മറ്റു നന്മകള്‍ ചെയ്യാനും ചെറുപ്രായത്തില്‍ തന്നെ അവന്‍ കാണിക്കുന്ന വ്യഗ്രതയിലൂടെയും താല്പര്യത്തിലൂടെയുമാണ് കഥാകാരന്‍ ഇളംമനസ്സില്‍ നന്മകള്‍ വളർത്താന്‍ ശ്രമിക്കുന്നത്.``( ഐ പി എച്ചിന്റെ പ്രസാധക മൊഴി)
      `നോമ്പിന്റെ വർണ്ണങ്ങളി`ല്‍ തുടങ്ങി `പക്ഷികള്‍ പറക്കട്ടെ` എന്നിങ്ങനെ മൂത്തുപാകമായി നന്നായി പഴുത്ത തേനൊലിയുന്ന പത്തൊമ്പത് മാമ്പഴച്ചീളുകളാണ് പഞ്ചാരമാങ്ങയില്‍  പൊതിഞ്ഞു വച്ചിരിക്കുന്നത്.ഒന്നെടുത്തു രുചി നോക്കാന്‍ തുനിഞ്ഞാല്‍ മുഴുവന്‍ തീറ്റിച്ചു മാത്രം സഹൃദയനെ വിട്ടയക്കുന്ന മാന്ത്രികവിഭവം.
  ഗ്രാമത്തിന്റെ ഇപ്പോഴും അന്യം നിന്നുപോയിട്ടില്ലാത്ത നിഷ്ക്കന്മഷലമായ ഹൃദ്യസ്വരത്തില്‍ ജാബിര്‍ മലയില്‍ മൊഴിയുന്ന ഓരോ പദത്തിനും ആരേയും വിസ്മയിപ്പിക്കുന്ന താളവും ഈണവുമുണ്ട്.പുഴയും പുരയിടവും കടലോരവും നാട്ടുപാതകളും പള്ളിയും പള്ളിക്കൂടവും പശ്ചാത്തലമാക്കി കുഞ്ഞുകിളികളും കുറിഞ്ഞിപ്പൂച്ചയും മൈനയും തത്തയും തവളയും എന്തിനേറെ,അങ്ങകലെ സൈകതത്തിലെ വിശ്വാചാര്യന്റെ ഉറുമ്പുകളും അമ്മക്കിളിയും അവയുടെ ചലനങ്ങളും പ്രകൃതിയുടെ കൊതിപ്പിക്കുന്ന സംഗീതവുമുണ്ട്. ആഹ്ലാദത്തിന്റെ വർണ്ണരാജികളും നൊമ്പരത്തിന്റെ വീണുടയാത്ത നീർമ ണികളുമുണ്ട്.
     നന്മയുടെ പൂവഴികളിലൂടെയുള്ള ഹാശിമോന്റെ സഞ്ചാരം ഓരോ സഹൃദയന്റെയും ഇടനെഞ്ചില്‍ തൊട്ടുകൊണ്ടുള്ള ആനന്ദകരമായ അനുഭൂതിയാക്കാന്‍ ജാബിര്‍ വിജയിച്ചിരിക്കുന്നു എന്നു നിസ്സംശയം അടിവരയിടാം.
   നാം കണ്ടു മറന്ന,അല്ലെങ്കില്‍,കണ്ടില്ലെന്നു നടിക്കുന്ന വളരെ നിസ്സാരമായ പുൽച്ചെടിയില്‍ പോലും ജാബിറിന്റെ തൂലിക ചെന്നുതൊടുന്നു.അവ വർദ്ധിതവീര്യത്തോടെയും നവോന്മേഷത്തോടെയും ചാടി എഴുനേറ്റു മന്ദഹസിക്കുമ്പോൾ അത് അനുവാചകന്റെ ഹൃത്തിലും നന്മയുടെ പ്രകാശം ചൊരിയുന്നു.
   ഇസ്‌ലാമികസംസ്കൃതിയുടെ ആരാമത്തില്‍ വല്യുപ്പ കാട്ടിക്കൊടുക്കുന്ന മാനവികതയുടെയും പ്രകൃതിസ്നേഹത്തിന്റെയും നറുംസൂനങ്ങള്‍ ഓരോന്നും സ്വയം നുകർന്നും തനിക്കു ചുറ്റും അതിന്റെ സൗരഭ്യം  പ്രസരിപ്പിച്ചുകൊണ്ടുമുള്ള കുഞ്ഞുമോന്റെ യാത്ര തീർച്ചയായും കൈരളിയില്‍ നന്മയുടെ ചെറുതെങ്കിലും പുതിയൊരു വിളക്ക്  തെളിയിക്കും.
ഐ പി എച്ച് സാധാരണഗതിയില്‍ ഒരു പുതിയ എഴുത്തുകാരന്റെ കൃതി  പ്രസാധനം ചെയ്യാൻ  എളുപ്പമൊന്നും മുന്നിട്ടിറങ്ങാറില്ല.'പഞ്ചാരമാങ്ങ 'അവര്‍ പ്രസിദ്ധീകരിക്കാന്‍ മുന്നോട്ടു വന്നത് തന്നെ ജാബിറിനെപ്പോലുള്ള യുവ സാഹിത്യകാരന്മാര്‍ക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്.
     ഈ റമദാനില്‍ വ്രതവിശുദ്ധിയുടെ ആത്മസത്തയും ആവാഹിച്ചു കൊണ്ടെത്തിയ,എത്ര നുകർന്നാലും മധു വറ്റാത്ത പഞ്ചാരമാങ്ങക്കും അതയച്ചു തന്ന ജാബിക്കും ഒരായിരം നന്ദി.

Leave a Comment


Disqus comments here..........