About Us
ആമുഖം
കേരളത്തിലെ ഇസ്‌ലാമിക ചിന്തയുടെ അക്ഷര സാക്ഷാല്‍ക്കാരമാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്. ജനകീയതയില്‍ ജമാഅത്തെ ഇസ്‌ലാമിയേക്കാള്‍ മികവുള്ള മുസ്‌ലിം സംഘടനകള്‍ കേരളത്തിലുണ്ടെങ്കിലും ബൗദ്ധികമായ മികവ് ഏറേക്കുറേ എല്ലാവരും ജമാഅത്തെ ഇസ്ലാമിക് അംഗീകരിച്ച് കൊടുത്തിട്ടുണ്ട്. ഏണ്ണത്തില് കുറവായിട്ടും കേരളീയ ഇസ്ലാമിന്റെ ബൗദ്ധികനേത്യത്വം ഇപ്പോഴും ജമാഅത്തെ ഇസ്ലാമിക്കാണെന്ന് പറയുന്നതില് അതിനാല് തന്നെ ഒട്ടും അതിശയോക്തിയില്ല. പ്രസിദ്ധീകരണരംഗത്ത് അത് ആര്ജിച്ച മുന്നേറ്റമാണ് ഈ മികവിന്റെ അടിസ്ഥാനം. പ്രസിദ്ധീകരണത്തിന്റേ എഴുപത്തിരണ്ട് വര്ഷം പിന്നിട്ട ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന് ജമാഅത്തെ ഇസ്ലാമിയുടെ ഈ ബൗദ്ധിക മികവില് നിര്ണായക പങ്കുണ്ട്. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും ഇന്ന് സുപരിചിതമാണ് ഐ. പി. എച്ച്. എന്ന മൂന്നക്ഷരം.
1945ല് സയ്യിദ് മൗദൂദിയുടെ രിസാലേ ദീനിയാതിന്റേ മലയാള മൊഴിമാറ്റം ഇസ്ലാം മതം പ്രസിദ്ധീകരിച്ച് കൊണ്ട് മലപ്പുറം ജില്ലയിലേ വളാഞ്ചേരിക്കടുത്ത ഇരിമ്പിളിയത്ത്‌നിന്ന് തുടങ്ങിയ പ്രയാണം എണ്ണൂറോളും പുസ്തകങ്ങളുടെ സമ്പാദ്യവുമായി ഐ.പി.എച്ച്. ഇന്നും കേരളത്തിലെ ഇസ്ലാമിക പുസ്തക പ്രസിദ്ധീകരണത്തിന്റേ മുന്നിരയിലുണ്ട്. കോഴിക്കോട് വെള്ളിമാട്കുന്നില് ഗ്രന്ഥ രചനാ വിഭാഗവും കോഴിക്കോട് പുതിയ ബസ്റ്റാന്റിനടുത്തുള്ള രാജാജി റോഡില് മുഖ്യവിതരണകേന്ദ്രവുമുള്ള ഐ.പി.എച്ച് തിരുവനന്തപുരം, എറണാംകുളം, തൃശൂര്, പാലക്കാട്, മലപ്പുറം, കണ്ണൂര് തുടങ്ങിയ ആറ് നഗരങ്ങളില് സ്വന്തമായി ബ്രഞ്ചുകളും മറ്റ് ഇരുപതോളം സ്ഥലങ്ങളില് അംഗീക്യത ഏജന്‌സികളുമുള്ള ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവുംവലിയ ഇസ്ലാമിക പ്രസിദ്ധീകരണ ശാലയാണ്. പൊതു പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിനായി പ്രതീക്ഷാബുക്‌സ് എന്ന പേരില് മറ്റൊരു പ്രസിദ്ധീകരകരണ സംരംഭവും ഐ.പി.എച്ചിന് കീഴിലുണ്ട്. പ്രതീക്ഷയുടെ പുസ്തകങ്ങള് വിതരണം ചെയ്യുന്നതും ഐ.പി.എച്ച് തന്നെയാണ്.
ഘടന
ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും രൂപംകൊള്ളുന്നത് ഡയറക്ടറേറ്റില്‌നിന്നാണ്. പ്രസിദ്ധീകരണാര്ഹമായ പുസ്തകങ്ങള് തെരഞ്ഞെടുക്കുന്നത് പതിനാലംഗങ്ങളുള്ള ഡയറക്ടര് ബോര്ഡാണ്. ഡയറക്ടര് ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷനായ ബോര്ഡില് വി.കെ. അലി, കെ.ടി. ഹുസൈന്, വി.എ. കബീര്, ടി. മുഹമ്മദ് വേളം, അശ്‌റഫ് കീഴുപറമ്പ്, ടി.കെ. ഫാറൂഖ്, ശഹീന് കെ. മെയ്തുണ്ണി, സി. ദാവൂദ്, യാസീന് അശ്‌റഫ്, കെ. അബ്ദുല്ല ഹസന്, പി.ടി. അബ്ദുര്‌റഹ്മാന്, ടി.കെ. അബ്ദുല്ല, കെ.പി. കമാലുദ്ദീന് എന്നിവര് അംഗങ്ങളാണ്. കെ.ടി. ഹുസൈന് അസി. ഡയറക്ടറാണ്. വി.എ. കബീര് ചീഫ് എഡിറ്ററാണ്. സിറാജുദ്ദീന് വി.എ. ജനറല് മാനേജര്. ഹാജി സാഹിബിന് ശേഷം അബുല് ജലാല് മൗലവി, ടി.കെ. ഇബ്‌റാഹീം, ടി. മുഹമ്മദ്, ടി.കെ. ഫാറൂഖ്, വി.കെ. അലി എന്നിവര് വിവിധ കാലങ്ങളില് ഐ.പി.എച്ചിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്. അബൂബക്കര്, റസാഖ് വെള്ളയില്, അബ്ദു സലാം മാള, പി.കെ. കുഞ്ഞബ്ദുല്ല, എ.പി. മൂസ്സകോയ, എസ്.ടി. കുഞ്ഞിമുഹമ്മദ്, സി.പി. ഹാരിസ് എന്നിവര് മനേജര്മാരായി സേവനമഷ്ഠിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന്റെ കൂടിയാ ലോചനാ സമിതിയാണ് ബോര്ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഐ.പി.എച്ച് പ്രസിദ്ധീകരിക്കണമെന്ന് ബോര്ഡ് തീരുമാനിക്കുന്ന ഗ്രന്ഥങ്ങള് തയ്യാറാക്കാന് അനുയോജ്യരായ പണ്ഡിതന്മാരെയും എഴുത്തുകാരെയും ചുമതലപ്പെടുത്തുന്നു. അതോടൊപ്പം പ്രസിദ്ധീകരണത്തിന് ഐ.പി.എച്ചിനെ ഏല്പ്പിക്കുന്ന കൃതികള് ബോര്ഡിലെ മൂന്ന് അംഗങ്ങള് പരിശോധിക്കുന്നു. പിന്നീട് ബോര്ഡ് മീറ്റിംഗ് ചര്ച്ചചെയ്ത് പ്രസിദ്ധീകരണാര്ഹമോ അല്ലയോ എന്നു തീരുമാനിക്കുന്നു. ബോര്ഡിന്റെ അംഗീകാരമില്ലാത്ത ഗ്രന്ഥങ്ങളൊന്നും ഐ.പി.എച്ച് പ്രസിദ്ധീകരിക്കാറില്ല.
പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുന്ന കൃതികളുടെ എഡിറ്റിംഗ്, കമ്പോസിംഗ്, പ്രൂഫ്‌റീഡിംഗ്, ഡിസൈനിംഗ്, പ്രിന്റിംഗ്, ബൈന്റിംഗ് പോലുള്ളവയ്ക്ക് ഡയറക്ടറേറ്റിലെ പ്രൊഡക്ഷന് വിഭാഗം നേതൃത്വം വഹിക്കുന്നു. ഡി.ടി.പിയില് മൂന്ന് പേരും പ്രൂഫില് നാലുപേരുമുള്‌പ്പെടെ പത്ത് പേര് പ്രൊഡക്ഷന് വിഭാഗത്തില് സേവന മനുഷ്ഠിക്കുന്നു. സി.പി. ജൗഹറാണ് പ്രൊഡക്ഷന് വിഭാഗത്തിന്റെ ചുമതല വഹിക്കുന്നത്.ഐ.പി.എച്ചിന്റെ ഇപ്പോഴത്തെ ഏറ്റവും ബൃഹദ് പദ്ധതിയായ ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ എല്ലാ ജോലികളും നിര്വഹിക്കുന്നത് ഡയറക്ടറേറ്റില് പ്രവര്ത്തിക്കുന്ന വിജ്ഞാനകോശം എഡിറ്റോറിയല് ബോര്ഡാലണ്. എട്ടുപേര് ഈ വിഭാഗത്തില് സേവനമനുഷ്ഠിക്കുന്നു. ഇതിന്റെ എക്‌സിക്യൂട്ടീവ് ചുമതല വഹിക്കുന്നത് ഡോ. എ.എ. ഹലീമാണ്.
ചരിത്രം വികാസവും
അറബിമലയാളത്തിലായാലും വിലക്ഷണമായ മലയാളത്തിലായാലും മാലപാട്ടുകള്ക്കും സബീന പ്പാട്ടുകല്ക്കും പുറമേ അനുഷ്ഠാന ക്രമങ്ങളും ആത്മീയമായ സാരോപദേശങ്ങളും പ്രതിപാധിക്കുന്ന ഗ്രന്ഥങ്ങളും മാത്രം ഉണ്ടായിരുന്ന ഇസ്ലാമിക പ്രസിദ്ധീകരണ രംഗത്ത് ഇസ്ലാമിനെ സാമൂഹിക മാറ്റത്തിന് ശക്തിപകരുന്ന ഒരു സാമൂഹിക പ്രസ്ഥാനമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങള് ശുദ്ധ മലയാളത്തില് പ്രസിദ്ധീകരിച്ച് കൊണ്ടാണ് ഐ. പി. എച്ച്. പ്രസിദ്ധീകരണ രംഗത്ത് വേറിട്ട ഒരിടം കണ്ടെത്തിയത്. അതിന് വേണ്ടി പ്രദേശികവും ദേശീയവുമായ എല്ലാ അതിരുകളേയും ഭേദിച്ച് കൊണ്ട് പടിഞ്ഞാറുനിന്നും കിഴക്കുനിന്നും ഇസ്ലാമിക ചിന്തകരുടെയും ആക്ടിവിസ്റ്റുകളുടെയും പുസ്തകങ്ങളേയും ചിന്തകളേയും ഐ. പി. എച്ച്. മലയാളത്തിലേക്ക് കൊണ്ടുവന്നു ഇന്ത്യാ ഉപഭൂഖണ്ഡത്തില്‌നിന്ന് ഷാ വലിയുല്ലാഹുദ്ദഹ് ലവി, സയ്യിദ് മൗദൂദി, അമീന് അഹ്‌സന് ഇസ്ലാഹി, സദ്‌റുദ്ധീന് ഇസ്ലാഹി, അബ്ദുല് ഹഖ് അന്‌സാരി, സുലൈമാന് നദ് വി, അബുല് കലാം ആസാദ്, ഡോക്ടര് ഹമീദുല്ല, ഖുറം മുറാദ്, നഈം സിദ്ധീഖി, ജലാലുദ്ധീന് അന്‌സര് ഉമരി, നജാതുല്ലാ സിദ്ധീഖി, എഫ്. ആര് ഫരീദി, മര്യം ജമീല, അറബ്മുസ്ലിം രാജ്യങ്ങളില്‌നിന്ന് ഇമാം ഹസനുല് ബന്ന്, സയ്യിദ് ഖുത്വുബ്, മുഹമ്മദ് ഖുത്വുബ്, മുഹമ്മദുല് ഗസ്സലി, സയ്യിദ് സാബിഖ്, യുസുഫുല് ഖര്ദാവി, റാശിദുല് ഗനൂഷി, മാലിക് ബിന്നബി, ഇസ് മായീല് റാജി ഫാറൂഖി, പേര്ഷ്യയില് നിന്ന് അലി ശരീഅത്തി യൂറോപില് നിന്ന് അലി ജാ ഇസ്സത്ത് ബെഗോവിച്ച്, മുഹമ്മദ് അസദ്, മുറാദ് ഹോഫ്മാന്, ഗായ് ഈറ്റണ്, റജാ ഗരോഡി, അമേരിക്കയില്‌നിന്ന് ജെഫ്‌റി ലാന്ഗ്, മാല്ക്കം എക്‌സ്, കരോള് ആല്വി തുടങ്ങിയവരുടെ ചിന്തകള് മലയാളത്തിന് പരിചയപ്പെടുത്തിയത് ഐ. പി. എച്ചാണ്. ഇവയില് നവ മുസ്ലിം എഴുത്തുകാരുടെ ഇസ്ലാം അനുഭങ്ങള് മുഖ്യപ്രതിപാദ്യമായ മുഹമ്മദ് അസദിന്റേ മക്കയിലേക്കുള്ള പാത, മാല്ക്കം എക്‌സിന്റേ ആത് മകഥ, ജെഫ്‌റി ലാന്ഗിന്റേ പോരാട്ടവും കീഴടങ്ങലും ഗായ് ഈറ്റന്റേ ഇസ്ലാമും മനുഷ്യ ഭാഗധേയവും കിഴക്കും പടിഞ്ഞാറുമുള്ള ഒരു കൂട്ടം വനിതകളുടെ ഇസ്ലാം ആശ്ലേഷണ കഥ വിവരിക്കുന്ന ഇസ്ലാമിലേക്കുള്ള പാത, കരോള് ആല്വിയുടെ ഇസ്ലാം എന്റേ ലോകത്തേക്ക് എന്നീ ഗ്രന്ഥങ്ങള് പ്രത്യേകം എടുത്ത് പറയേണ്ടതാണ്. മാല്കം എക്‌സിന്റേ ആത്മകഥ, ഗായ് ഈറ്റന്റേ ഇസ്ലാമും മനുഷ്യഭാഗധേയവും, അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റേ ഇസ്ലാം രാജ മാര്ഗം എന്നീ ക്യതികള് മലയാളി മുസ്ലിമിന്റേ ഇസ്ലാമിക ഭാവുകത്വത്തെത്തന്നെ മാറ്റി പണിയുന്നതിന് സഹായകമായ ഗ്രന്ഥങ്ങളാണ്.
ഐ.പി.എച്ച് കാര്യമായ ചുവടുവെപ്പ് നടത്തിയ ഒരു പ്രധാനമേഖല ഇസ്ലാമിന്റേ അടിസ്ഥാന പ്രമാണങ്ങളായ ഖുര്ആന്, ഹദീഥ്, കര്മശാസ്ത്രം എന്നിവയാണ്. ഖുര്ആന് വ്യഖ്യാനത്തില് സയ്യിദ് അബുല് അഅ് ലാ മൗദൂദിയുടെ ഭുവനപ്രശ്‌സ്തമായ തഫ്ഹീമുല് ഖുര്ആന് (6 വാല്യം) പുറമേ മലയാളത്തില് രചിക്കപെട്ട മൗലികസ്പര്ശമുള്ള ഖുര്ആന് വ്യാഖ്യാനങ്ങളിലൊന്നായ ടി.കെ ഉബൈദിന്റേ ഖുര്ആന് ബോധനം (7 വാല്യങ്ങള്, തീര്ന്നിട്ടില്ല) ഭാഷാ ശുദ്ധിയും ലാളിത്യവുമുള്ള ഖുര്ആന് പരിഭാഷ എന്ന നിലയില് സ്വീകാര്യത നേടിയ ശൈഖ് മുഹമ്മദ് കാരക്കുന്നിന്റേയും വാണിദാസ് എളയാവൂരിന്റേയും സംയുക്ത സംരംഭമായ ഖുര്ആന് ലളിത സാരം എന്നിവ ഖുര്ആനുമായി ബന്ധപെട്ട ഐ.പി.എച്ചിന്റേ മികച്ച സംഭാവനകളാണ്. സഹീഹുല് ബുഖാരിയുടെയും മുസ്ലിമിന്റേയും പരിഭാഷകളാണ് ഹദീഥ് രംഗത്തെ പ്രധാന ചുവട് വെപ്പ് തിര്മിദിയുടെ പരിഭാഷയും വൈകാകേ പ്രസിദ്ധീകരിക്കും. കര്മ്മ ശാസ്ത്രത്തില് പത്തുവാല്യങ്ങളുള്ള സയ്യിദ് സാബിഖിന്റേ ഫിഖ്ഹുസുന്ന യാണ് ഏറ്റവും ശ്രദ്ധേയമായ പ്രസിദ്ധീകരണം. ടി കെ ഉബൈദിന്റേ പ്രശ്‌നവും വീക്ഷണവും, മുഹമ്മദ് കാടേരിയുടെ കര്മ്മശാസ്ത്രം സംശയങ്ങള്ക്ക് മറുപടി, ശൈഖ് മുഹമ്മദ് കാരക്കുന്നിന്റേ വൈവാഹിക ജീവിതം ഇസ്ലാമില് എന്നിവയും കര്മ്മ ശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ രചനകള്തന്നേ. കര്മ്മ ശാസ്ത്ര ഭിന്നതകളേ ചരിത്രപരമായി വിശകലനം ചെയ്യുന്ന ശാഹ് വലിയുല്ലാ ദഹ്ലവിയുടെ കര്മശാസ്ത്ര ഭിന്നതകള് ചരിത്രം സമീപനവും, നാല് പ്രധാന കര്മ്മ ശാസ്ത്ര മദ് ഹബുകളുടെ ഇമാമുകളുടെ ജീവ ചരിത്രവും അവരുടെ മദ്ഹബുകളേയും പരിചയപെടുത്തുന്ന ഇമാം ശാഫി ( മുഹമ്മദ് കാടേരി), ഇമാം അബൂ ഹനീഫ, (ഇ.എന് ഇബ്‌റാഹീം മൗലവി ), ഇമാം അഹമ്മദ് ഇബ്‌നു ഹമ്പല്(കെ.എ ഖാദര് ഫൈസി) ഇമാം മാലിക് (ഇല്യാസ് മൗലവി) തുടങ്ങിയവയും ഇസ്ലാമിക കര്മ്മശാസ്ത്രം പഠിക്കാന് ആഗ്രഹിക്കുന്നവര്ക്ക് മുതല്ക്കൂട്ടാണ്
ഇസ്ലാമിക ചരിത്രത്തില്, പ്രത്യേകിച്ച് ജീവചരിത്രത്തില് കനപെട്ട പലതും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഹമ്മദ് മനുഷ്യ സ്‌നേഹത്തിന്റേ പ്രവാചകന് ( നഈ സിദ്ധീഖി), ഖലീഫ ഉമര് (ശൈഖ് മുഹമ്മദ് കാരക്കുന്ന്) സിദ്ധിഖുല് അഖ്ബര് (ഇ.എന് ഇബ്രാഹീം മൗലവി), ഖലീഫ ഉഥ്മാന് (കെപി കമാലുദ്ധീന്), സ്വഹാബികള് (കെ.കെ മുഹമ്മദ് മദനി), സ്വഹാബി വനിതകള് ( കെ. കെ. മുഹമ്മദ് മദനി) ഉമറുബ്‌നു അബ്ദുല് അസീസ് (ശൈഖ് മുഹമ്മദ് കാരക്കുന്ന്) തുടങ്ങിയവ എടുത്ത് പറയേണ്ടവയാണ്. പൊതു ഇസ്ലാമികചരിത്രത്തില് സംക്ഷിപ്തമാണെങ്കിലും സര്വത് സൗലത്തിന്റേ നാല് വാല്യത്തിലുള്ള ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹത്തിന് സമാനമായ മറ്റൊന്ന് മലയാളത്തിലില്ല. സയ്യിദ് മൗദൂദിയുടെ ഖിലാഫത്തും രാജ വാഴ്ച്ചയുമാകട്ടേ ഖിലാഫത്തുര്‌റാശിദയുടെ സവിശേഷതകള് വിവരിക്കുന്ന ക്യതിയെന്നതിനപ്പുറം ഇസ്ലാമിക ചരിത്രത്തിന് തന്നേയുള്ള ഒരാമുഖവും ഇസ്ലാമിക ചരിത്ര രചനക്കുള്ള മഹത്തായ മാത്യകയുമാണ്.
കേരള മുസ്ലിം ചരിത്രത്തിലും ശ്രദ്ധേയമായ രചനകള് ഐ.പി.എച്ച് പുറത്തിറക്കിയിട്ടുണ്ട്. മാപ്പിള സമുദായം ചരിത്രം സംസ്‌കാരം (ടി മുഹമ്മദ്), കേരള മുസ്ലിംകള് പ്രതിരോധത്തിന്റേ ചരിത്രം (പ്രഫസര് കെ.എം ബഹാവുദ്ധീന്), കേരള മുസ്ലിം കള് അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റേ പ്രത്യയ ശാസ്ത്രം (കെടി ഹുസൈന് ), തുഹ്ഫത്തുല് മുജാഹിദീന് വഴിയും വായനയും (ടി മുഹമ്മദ് വേളം ), മലബാര് സമരം എം.പി നാരായണ മേനോനും സഹപ്രവര്ത്തകരും (പ്രഫസര് എം.പി.എസ് മേനോന്) സാമൂതിരിക്ക് വേണ്ടി ഒരു സമരാഹ്വാനം (ഖാദി മുഹമ്മദ്), മലയാളത്തിലേ ഇശല്വഴി (കെ അബൂബക്കര് ) തുടങ്ങിയവ കേരള ചരിത്ര സാംസ്‌കാരിക പഠനങ്ങള്ക്ക് മുതല്ക്കൂട്ടാണ്.ഇന്ത്യയുടെ പ്രീചീന നാഗരികതയേയും സംസ്‌കാരത്തേയും കുറിക്കുന്ന മികച്ച പഠനങ്ങളും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയ സംസ്‌കാരത്തിന്റേ അടിയൊഴുക്കുകള്, ഒരു ജാതി ഒരു ദൈവം (ടി മുഹമ്മദ്), ദൈവ സങ്കല്പം കാലഘട്ടങ്ങളിലൂടെ (അബുല് കലാം ആസാദ്) സൈദ്ധവ നാഗരികതയും പുരാണ കഥകളും, സൈദ്ധവ ഭാഷ ചരിത്രവും വ്യഖ്യാനവും, ബ്രഹ്മ സൂത്രം ദ്വൈത്വമോ അദ്വൈതമോ (എന് എം ഹുസൈന് ), വേദ ദര്ശനം (ശിഹാബുദ്ധീന് ആരാമ്പം ) തിടങ്ങിയ അവയില് പ്രധാനപെട്ടതാണ്. ഐ പിച്ച് കൈവെച്ച മറ്റൊരു മേഖലയാണ് മത താരതമ്യപഠനം. ബുദ്ധന് യേശു മുഹമ്മദ് ലോക മതങ്ങളെ കുറിച്ച് ഒരു പുസ്തകം (മുഹമ്മദ് ശമീം), ദൈവം മതം സ്‌നേഹ സംവാദം (ശൈഖ് മുഹമ്മദ് കാരക്കുന്ന് ) ക്രിസ്തു മതവും ക്രിസ്തുവിന്റേ മതവും (ഇ.സി. സൈമണ് മാസ്റ്റര് ) ക്രൈസ്തവതയുടെ വര്ത്തമാനം (ഇ. എം. സകീര് ഹുസൈന്) തുടങ്ങിയവ ഈ ഗണത്തില് എടുത്ത് പറയേണ്ടതാണ്.
അല്ലാഹു ഖുര്ആനില് (കെ.സി. അബ്ദുല്ല മൗലവി), ഖുര്ആനും ആധുനിക ശാസ്ത്രവും (ബോറിസ് ബുക്കായി), ജൈവ വര്‌ഗോല്പത്തി വിമര്ശന പഠനം (ഫൈസി ദോഹ) തുടങ്ങിയ വ ശാസ്ത്രത്തിന്റേ പശ്ചാത്തലത്തില് ഇസ്ലാമിക ദര്ശനത്തേ അവതരിപ്പിക്കുന്നതും, ധനതത്വശാസ്ത്ര ചിന്തകള് (സയ്യിദ് മൗദൂദി, ഇസ്ലാമിക് ബാങ്കിങ്ങ് (ലേഖന സമാഹാരം) തുടങ്ങിയവ ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങളേയും അതിന് പിന്നിലേ ഫിലോസഫിയേയും പരിചയപ്പെടുത്തുന്നതുമായ പുസ്തകങ്ങളാണ്. പുതിയ മാനേജ് മെന്റിന്റേയും മനഃശാസ്ത്രത്തിന്റേയും സങ്കേതം ഉപയോഗിച്ച് കൊണ്ടുള്ള വ്യക്തിത്വ വികസന ഗ്രന്ഥങ്ങളും (നമുക്കും വിജയിക്കേണ്ടേ, പ്രസ്ഥാനം തേടുന്ന പ്രവര്ത്തകന്) ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇസ്ലാമികാദര്ശത്തേയും അതിന്റേ സാമൂഹിക രാഷ്ട്രീയ ക്രമങ്ങളേയും തെളിമയോടെ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളോടൊപ്പം ഇസ്ലാമും മുസ്ലിംകളും വിവിധ സന്ദര്ഭങ്ങളില് സൈദ്ധാന്തികമായും പ്രയോഗികമായും നേരിടേണ്ടിവരികയോ എന്‌ഗേജ്‌ചെയ്യേണ്ടി വരികയോ ചെയ്യുന്ന സാമൂഹിക പ്രവണതകളേയും സിദ്ധാന്തങ്ങളേയും വിശകലനംചെയ്യുന്ന ധാരാളം ഗ്രന്ഥങ്ങള് ഐ. പി. എച്ച് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനികത, കമ്മ്യൂണിസം, മുതലാളിത്തം, സാമ്രാജ്യത്വം, ആഗോള വല്ക്കരണം, സയണിസം, യുക്തിവാദം, പരിണാമവാദം ഹദീഥ്‌നിഷേധം ശരീഅത്ത് വിരോധം, നവ നാസ്തികത, നവ ആത്മീയത, നവ സാമൂഹികത, ഉദാര ലൈംഗികത, ബഹുസ്വരത, ജാതീയത, ഹിന്ദുത്വ രാഷ്ട്രീയം, തീവ്രവാദം, ഭരണകൂട ഭീകരത, ഇസ്ലാമോഫോബിയ, അപകോളനീകരണം എന്നവയേയെല്ലാം ഐ. പി. എച്ച് അതിന്റേ പ്രസിദ്ധീകരണങ്ങളിലൂടെ അഭിമുഖീകരിച്ചിട്ടുണ്ട്. സയ്യിദ് മൗദൂദിയുടെ മതേതരത്വം ദേശീയത്വം ജനാധിപത്യം, അബ്ദുല് ഹമീദ് സിദ്ധീഖിയുടെ ഇസ്ലാമും മാനവതയുടെ പുനസംവിധാനവും (ആധുനികതാ വുമര്ശനം), മാര്ക്‌സിസം ഇസ്ലാം (മസ്ഹറുദ്ധീന് സിദ്ധീഖി), സ്യഷ്ടിവാദവും പരിണാമ വാദവും (എന്. എം. ഹുസൈന്), യുക്തി വാദികളും ഇസ്ലാമും (ഒ. അബ്ദു റഹ്മാന്), മുഹമ്മദ് നബിയും യുക്തി വാദികളും (ശൈഖ് മുഹമ്മദ് കാരകുന്ന്), മാര്ക്‌സിസം സാമ്രാജത്വം തീവ്രവാദം സംശയങ്ങള്ക്ക് മറുപടി (ഒ. അബ്ദുറഹ്മാന്), ശരീഅത്തും ഇന്ത്യന് മുസ്ലിംകളും (വി. എ. കബീര്), വികസനം പരിസ്ഥിഥി ആഗോള മുതലാളിത്തം (എഡിറ്റര് എ. എ. ഹലീം), ആള്‌ദൈവങ്ങളുടൈ മതവും രാഷ്ട്രീയവും (ഒരു സംഘം ലേഖകര്), സയണിസം (റജാ ഗരോഡി), ക്രൈസ്തവ സയണിസം അധിനിവേശത്തിന്റ് പ്രത്യയ ശാസ്ത്രം (വി. എ. മുഹമ്മദ് അശ്‌റഫ്), പ്രവാചകത്വം യുക്തിവാദം ആദ്ധ്യാത്മികം ഭൗതിക ശാസ്ത്രം (ഫൈസി), നവ ആര്യവാദത്തിന്റേ രാഷ്ട്രീയം ( എന്. എം. ഹുസൈന് ), ഹിന്ദുത്വം വാദവും ഇന്ത്യന് മുസ്ലിംകളും (യോഗീന്ദര് സിക്കന്ദ്), മാട്ടിറച്ചിയുടെ മഹാ ഭാരതം, ( സ്വാമി വിശ്വ ഭന്ദ്രാനന്ദ ശക് തി ബോധി) ദേശ രാഷ്ട്രവും ഹിന്ദു കൊളോണിയലിസവും ( ജെ. രഘു) വര്ഗീയ രാഷ്ട്രീയം മിത്തും യാഥാര്ത്ഥ്യവും (രാം പുന്യാനി ) സംഘ്പരിവാര് വര്ഗീയ ഫാസിസവും വിദേശ ഫണ്ടിംഗും ( സദ്‌റുദ്ധീന് വാഴക്കാട്), ജാതീയത മത മാറ്റം ഇസ്ലാം (പെരിയാര്), കുടുംബം സദാചാരം ഉദാര ലൈംഗികത അതിരടയാളങ്ങള് (എഡിറ്റര്. ജമീല് അഹമ്മദ്), മുസ്ലിംകള് ബഹുസ്വര സമൂഹത്തില്, (അബ്ദുല്ലാഹസന്), ബഹുസ്വരതയും ഇന്ത്യന് മുസ്ലിംകളും (എ. ഫ്ആര്. ഫരീദി), നവ സാമൂഹികത ശാസ്ത്രം ശാസ്ത്രം ചരിത്രം രാഷ്ട്രീയം (ടി. ടി. ശ്രീ കുമാര് ), അറബ് വസന്തത്തിന്റേ രാഷ്ട്രീയം (സി. ദാവൂദ് ) ഐ.എസ് എന്ത്‌കൊണ്ട് ഇസ്ലാമികമല്ല (അശ്‌റഫ് കീഴുപറമ്പ്), ഫാസിസം തീവ്രവാദം പ്രതിരോധത്തിന്റേ മാനവികത (എഡി. കെ. ടി. ഹുസൈന്), ഇറാഖ് അധിനിവേശത്തിന്റേ രാഷ്ട്രീയം (എന്. എം. ഹുസൈന്), സാമ്രാജ്യത്വ ഭീകരത ചരിത്രവും വര്ത്തമാനവും (വിനിന് പെരീറ ജെറമി സിബ്രൂക്ക്), സാങ്കേതിക വിദ്യയുടെ മനുഷ്യ വിരുദ്ധ മുഖം (മര്യം ജമീല), ഇസ്ലാം ഭീതിയുടെ വംശാ വലിയും പ്രത്യയ ശാസ്ത്രവും അപകോളനീകരണ വായനയിലേ ഇസ്ലാമും മുസ്ലിംകളും ( ഒരു സംഘ ലേഖകര്), ഇന്ത്യയിലേ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും (എ. റശീദുദ്ധിന്), കാഫ്ക നാട് (മനീഷാ സേഥി), ഗുജറാത്ത് മൂടിവെക്കപെട്ട സത്യങ്ങള് (റാണാ അയ്യൂബ്) തുടങ്ങിയവ പ്രസിദ്ധീകരണ രംഗത്ത് സവിശേഷം ഇടം കണ്ടെത്താന് ഐ. പി. എച്ചിനെ സഹായിച്ച ഈ രംഗത്തേ ശ്രദ്ധേയ മായ രചനകളാണ്.
കെ. പി. എഫ്. ഖാന് തയ്യാറാക്കിയ ഐ പിഎച്ച് അറബിമലയാള ശബ്ദ കോശം പ്രസിദ്ധീകരണ രംഗത്തേ നാഴിക കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന് ഐ. പി. എച്ചിന്റേ മറ്റൊരു പ്രധാന സംഭാവനയാണ്. 1650 പേജ് വരുന്ന ഈ ഡിക്ഷനറി മലയാളത്തില് ഇത് വരേ ഇറങ്ങിയവയില് വെച്ചേറ്റം പദസമ്പന്നവും സമഗ്രവുമാണ്. അറബിയില് വന്നിട്ടുള്ള ഏറ്റവും പുതിയ പദങ്ങളെവരെ ഉള്‌ച്ചേര്ക്കാന് ഈ ശബ്ദ കോശം ശ്രമിച്ചിട്ടുണ്ട്.
ഐ.പി.എച്ച് സംഘടിപ്പിക്കാറുള്ള പുസ്തക പ്രകാശനചടങ്ങുകളും പുസ്തകമേളകളും വൈവിധ്യമാര്ന്ന സാംസ്‌കാരിക പരിപാടികളുടെ വേദികള്കൂടിയാണ്. ഡോ. താഹിര് മഹ്മൂദ്, ഡോ. അബ്ദുല് ഹഖ് അന്‌സാരി, ഇ.എം.എസ്സ്. നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബശീര്, എം.ടി. വാസുദേവന് നായര്, കമലാ സുറയ്യ, ജസ്‌റിസ് വി.ആര്. കൃഷ്ണയ്യര്, ഡോ. സുകുമാര് അഴീക്കോട്, എ.കെ. ആന്റണി, പി. ഗോവിന്ദപിള്ള, ഡി.സി. കിഴക്കേമുറി, ഇബ്‌റാഹീം സുലൈമാന് സേട്ട്, എം.പി. വീരേന്ദ്രകുമാര്, സി.രാധാകൃഷ്ണന്, എന്.പി. മുഹമ്മദ്, കെ.സി. അബ്ദുല്ല മൌലവി, ഡോ. കെ.കെ.എന്. കുറുപ്പ്, ഡോ. കെ.എന്. പണിക്കര്, ഡോ. എം. ഗംഗാധരന്, കെ.ഇ.എന്, ബാലചന്ദ്രന് ചുള്ളിക്കാട്, ടി.എന്. ജയചന്ദ്രന് തുടങ്ങി ഐ.പി.എച്ചിന്റെ സാംസ്‌കാരിക സമ്മേളനങ്ങളില് പങ്കെടുത്ത പ്രമുഖരുടെ പട്ടിക നീണടതാണ്.
വിജ്ഞാനകോശം
ഐ.പി.എച്ചിന്റെ ഇസ്ലാമിക വിജ്ഞാനകോശം പദ്ധതി കേരളത്തിന്റെ പുസ്തക പ്രസാധന ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അകാരാദിക്രമത്തില്‍ ക്രോഡീകരിച്ച് 16 വാല്യങ്ങള്‍ പുറത്തിറക്കാനാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അത് 12 വാല്യം വരെ എത്തിനില്ക്കു ന്നു. 200ഓളം എഴുത്തുകാരുടെ കൂട്ടായ പരിശ്രമം ഈ സംരംഭത്തിനു പിന്നിലുണട്. കേരളത്തിന് പുറത്തുള്ള പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും സഹകരണവും പരമാവധി ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണട്. വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യമുള്ള വ്യക്തിത്വങ്ങളുടെ കൂട്ടായ്മയാണ് നേതൃത്വം നല്കു ന്നത്. ഉള്ളടക്കം ഏറ്റവും സൂക്ഷ്മവും ആധികാരികവുമായിരിക്കാനെന്ന പോലെ കെട്ടും മട്ടും പരമാവധി ആകര്ഷളകമാക്കുന്നതിലും വിജ്ഞാനകോശത്തിന്റെ പ്രവര്ത്ത കര്‍ ദത്തശ്രദ്ധരാണ്.
അവാര്‍ഡുകള്
പുസ്തകത്തിന്റെ ഉള്ളടക്കം, നിര്മാണചാരുത, സംവിധാനം എന്നിവയെ പുരസ്‌കരിച്ച് വിവിധ അവാര്ഡുകള് ഐ.പി.എച്ച്കൃതികളെ തേടിയെത്തിയിട്ടുണട്. ടി. മുഹമ്മദിന്റെ ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്, കെ.സി. അബ്ദുല്ലാ മൌലവിയുടെ പ്രബോധനം ഖുര്ആനില്, പ്രൊഫ. എം.പി.എസ്. മേനോന്റെ മലബാര് സമരം: എം.പി. നാരായണമേനോനും സഹപ്രവര്ത്തകരും, കെ.ജി. രാഘവന് നായരുടെ അമൃതവാണി, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഉമറുബ്‌നു അബ്ദില്അസീസ്, ഇസ്ലാമും മതസഹിഷ്ണുതയും, മായാത്ത മുദ്രകള്, ഇരുപത് സ്ത്രീ രത്‌നങ്ങള്, സ്‌നേഹസംവാദം, വി.എ. കബീറിന്റെ രാഷ്ട്ര സങ്കല്പം ഇസ്ലാമില്, എന്.എം. ഹുസൈന്റെ സൈന്ധവനാഗരികതയും പുരാണകഥകളും, വാണിദാസ് എളയാവൂരിന്റെ ഖുര്ആന്റെ മുന്നില് വിനയാന്വിതം, കെ. അബ്ദുല്ലാ ഹസന്റെ സകാത്ത് തത്ത്വവും പ്രയോഗവും, ഇ.എന്. ഇബ്‌റാഹീമിന്റെ സ്വിദ്ദീഖുല് അക്ബര്, പി.ടി. അബ്ദുറഹ്മാന്റെ കറുത്ത മുത്ത്, മുഹമ്മദ്കുട്ടി എളമ്പിലാക്കോടിന്റെ കോകിലഗാനം, എന്.പി. ഹാഫിസ് മുഹമ്മദിന്റെ ബഹുമാന്യനായ പാദുഷ, മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത തുടങ്ങിയവ വിവിധ അവാര്ഡുകള് നേടിയ ഐ.പി.എച്ച് കൃതികളില് ചിലതാണ്. ഇസ്ലലാമിക വിജ്ഞാനകോശത്തിന് സി.എന് അഹ്മദ് മൌലവി അവാര്ഡ്, കോട്ടയം മഹാത്മാഗാന്ധി മുദ്രണ മികവ് അവാര്ഡ് എന്നിവ ലഭിച്ചു.